Kerala Government News

ക്ഷാമബത്ത അടക്കം ജീവനക്കാർക്ക് നഷ്ടം 1 ലക്ഷം കോടി! സെക്രട്ടറിയേറ്റിന് മുന്നിൽ കൂട്ട ഉപവാസവുമായി സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ

ജീവനക്കാരുടെ ഒരു ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാർ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ കൂട്ട ഉപവാസം. മെയ് 16 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന കൂട്ട ഉപവാസം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

നവകേരളത്തിന്റെ നഷ്ടമുദ്രകൾ എന്ന തലക്കെട്ടിൽ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഇറക്കിയ പോസ്റ്ററുകൾ ജീവനക്കാരുടെ ഇടയിൽ വൈറലായിരുന്നു. നഷ്ടത്തിൽ കലാശിച്ച ഡി.എ, ഡി.എ കുടിശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ, വഞ്ചിക്കപ്പെട്ട പങ്കാളിത്ത പെൻഷൻ, മെഡിസെപ്പ്, ആശ്രിത നിയമനം എന്നി വിഷയങ്ങളെ കുറിച്ചായിരുന്നു പോസ്റ്ററുകൾ. ഓരോ പോസ്റ്ററിലും ജീവനക്കാരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ വ്യക്തമായി സൂചിപ്പിച്ചിരുന്നു. എല്ലാം സർക്കാരിനെ പ്രതിരോധത്തിലാക്കിയ പോസ്റ്ററുകളായിരുന്നു.

18 ശതമാനം ആണ് ക്ഷാമബത്ത കുടിശിക . രാജ്യത്ത് ക്ഷാമബത്ത കുടിശികയിൽ നമ്പർ വൺ സ്ഥാനവും കേരളത്തിനാണ്. സർക്കാരിൻ്റെ കയ്യിൽ നിന്ന് ജീവനക്കാരുടെ ആനുകൂല്യങ്ങൾ വാങ്ങിക്കേണ്ട ഭരണാനുകൂല സംഘടനകൾ ഉറക്കത്തിലാണ്. ക്ഷാമബത്ത അനുവദിക്കാൻ ആവശ്യപ്പെടേണ്ട ഭരണാനുകൂല സംഘടന മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട് ഒരുക്കിയും പിണറായി ദ ലെജൻ്റ് എന്ന ഡോക്യുമെൻ്ററി തയ്യാറാക്കുന്ന തിരക്കിലുമാണ്.

ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി അഹോരാത്രം ശബ്ദം ഉയർത്തുകയാണ് എം.എസ്. ഇർഷാദിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ. ഇർഷാദിനേയും സംഘത്തേയും പേടിച്ചാണ് ശമ്പളം കവരാനുള്ള കെ.എൻ. ബാലഗോപാലിന്റെ ജീവനാന്ദം പദ്ധതി അകാല ചരമം അടഞ്ഞത്.

സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന് ശക്തമായ പിന്തുണയാണ് വി.ഡി. സതീശനും സംഘവും നൽകുന്നത്. രാഷ്ട്രിയ ഭേദമില്ലാതെ ജീവനക്കാർ കൂട്ട ഉപവാസത്തിന് ഒഴുകിയെത്തുമെന്നാണ് ഇർഷാദ് അവകാശപ്പെടുന്നത്. കൂട്ട ഉപവാസം ഒരു ചരിത്ര സംഭവമാക്കാനുള്ള അണിയറ പ്രവർത്തനങ്ങളാണ് സെക്രട്ടേറിയേറ്റ് കേന്ദ്രികരിച്ച് നടക്കുന്നത്. സർക്കാർ നാലാം വാർഷികം ആഘോഷിക്കുമ്പോഴാണ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ കൂട്ട ഉപവാസം എന്നതാണ് ശ്രദ്ധേയം.