
ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു
സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട ഇൻസെന്റീവ് അനുവദിക്കണമെന്ന ശിപാർശ ലഭിച്ച മുറയ്ക്ക് തുക അനുവദിക്കുകയായിരുന്നു. 9 മാസത്തെ കുടിശികയായി 61.2 കോടി രൂപയാണ് നല്‍കാനുണ്ടായിരുന്നത്. അതില്‍ ആറുമാസത്തെ തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
22.76 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘങ്ങൾ വഴി നേരിട്ട് ക്ഷേമ പെൻഷൻ എത്തിക്കുന്നത്. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ് അനുവദിക്കുന്നു. സംഘങ്ങൾ ഏർപ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതിൽ നിന്നാണ് വിതരണം ചെയ്യുന്നത്.
2024 ജൂലൈ മാസം വിതരണം ചെയ്ത ക്ഷേമ പെൻഷന്റെ ഇൻസെൻ്റിവാണ് ഇവർക്ക് ഒടുവിൽ നൽകിയത്. 6.8 കോടിയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ഇൻസെൻ്റിവിനായുള്ള ചെലവ്.
ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് 3 തരം കുടിശികയാണ് സർക്കാരിന് മുന്നിൽ ഉള്ളത്. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ കൊടുക്കാനുള്ള കോടികൾ ചുവടെ:
- പെൻഷൻ കമ്പനി – 20000 കോടി
- ക്ഷേമ പെൻഷൻ കുടിശിക – 2700 കോടി
- ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവർക്കുള്ള ഇൻസെൻ്റീവ് – 20. 7 കോടി
ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ ബാദ്ധ്യത 22761.2 കോടിയായി ഉയർന്നു എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ബാദ്ധ്യത ഇനിയും ഉയരും.