
ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെയ് 17 ന് പുനരാരംഭിക്കാൻ തീരുമാനം. ഫൈനൽ ജൂൺ 3 ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നിർത്തിവച്ച ഐപിഎൽ ഇനി ആറ് വേദികളിലായി നടക്കും. പ്ലേ ഓഫുകളുടെ വേദികൾ തീരുമാനിച്ചിട്ടില്ല.
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം, ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ചർച്ചകൾ നടത്തിവരികയായിരുന്നു. ഗവൺമെന്റുമായി ആലോചിച്ച ശേഷം, പുതുക്കിയ ഷെഡ്യൂൾ ബോർഡ് പുറത്തിറക്കി. ശനിയാഴ്ച ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെ ടൂർണമെന്റ് പുനരാരംഭിക്കും. ഞായറാഴ്ച ജയ്പൂരിലും ഡൽഹിയിലുമായി രണ്ട് മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും തമ്മിലും വൈകുന്നേരം ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലായിരിക്കും മത്സരങ്ങൾ.
ഈ മൂന്ന് വേദികൾ കൂടാതെ ലഖ്‌നൗ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലും ശേഷിക്കുന്ന ലീഗ് മത്സരങ്ങൾ നടക്കും. മെയ് 8 ന് പാതിവഴിയിൽ നിർത്തിവച്ച പഞ്ചാബ് കിംഗ്സ് vs ഡൽഹി ക്യാപിറ്റൽസ് മത്സരം മെയ് 24 ന് ജയ്പൂരിൽ നടക്കും.
പുതുക്കിയ ഷെഡ്യൂൾ തയ്യാറാക്കിയപ്പോൾ ബിസിസിഐയുടെ മുന്നിലുണ്ടായിരുന്ന ഒരു സാധ്യത, പാകിസ്ഥാൻ അതിർത്തിയിൽ നിന്നും നിയന്ത്രണ രേഖയിൽ നിന്നും അകലെയുള്ള ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും നടത്തുക എന്നതായിരുന്നു. എന്നാൽ ചെന്നൈയിലും ഹൈദരാബാദിലും ഇനി ലീഗ് മത്സരങ്ങൾ ഉണ്ടാകില്ല. അവർക്ക് പ്ലേ ഓഫ് മത്സരങ്ങൾ ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണണം. വരും ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കൊൽക്കത്തയും മത്സരങ്ങൾക്ക് വേദിയാകില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
പ്ലേ ഓഫ് സാധ്യതയുള്ള ടീമുകളിൽ, പുതുക്കിയ ഷെഡ്യൂളിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം നഷ്ടപ്പെടുന്നത് പഞ്ചാബ് കിംഗ്സിന് മാത്രമാണ്. ധർമ്മശാലയിൽ അവർക്ക് ശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങൾ (ഡൽഹി ക്യാപിറ്റൽസിനെതിരായ നിർത്തിവച്ച മത്സരം ഉൾപ്പെടെ) കളിക്കാൻ നിശ്ചയിച്ചിരുന്നത് ഇപ്പോൾ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കും.
തുടക്കത്തിൽ ഐപിഎൽ മെയ് 31 ന് അവസാനിക്കുന്ന തരത്തിലായിരുന്നു ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ബിസിസിഐ ഇത് മൂന്ന് ദിവസത്തേക്ക് നീട്ടി, ഫൈനൽ ജൂൺ 3 ന് നടക്കും.
ചില ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അവരുടെ ലീഗ് കാമ്പെയ്ൻ ഹോം ഗ്രൗണ്ടിലാണ് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവർ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് അവസാന മത്സരം കളിക്കുക. ഹൈദരാബാദും കൊൽക്കത്തയുമാണ് യഥാർത്ഥത്തിൽ പ്ലേ ഓഫുകൾക്കും ഫൈനലിനും ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അവരെ ഒഴിവാക്കിയിട്ടില്ലെന്നും വരും ദിവസങ്ങളിൽ അന്തിമ തീരുമാനം എടുക്കുമെന്നും ബോർഡ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇരുവർക്കും വേദിയാകാൻ സാധിക്കാതെ വന്നാൽ അഹമ്മദാബാദിന് നാല് മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ സാധ്യതയുണ്ട്. എന്നാൽ മറ്റൊരു വേദി കൂടി പങ്കിട്ടേക്കാമെന്നും സൂചനകളുണ്ട്.
വിദേശ കളിക്കാർ ഭൂരിഭാഗവും ഇതിനോടകം തന്നെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിയതിനാൽ, അവരുടെ ലഭ്യതയെക്കുറിച്ച് ഫ്രാഞ്ചൈസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അവരെല്ലാം ടീമുകളിലേക്ക് മടങ്ങിയെത്തുമോ എന്നതാണ് ഫ്രാഞ്ചൈസികൾക്കിടയിലെ വലിയ ചോദ്യം. ഓസ്‌ട്രേലിയൻ പേസർമാരായ ജോഷ് ഹേസൽവുഡും മിച്ചൽ സ്റ്റാർക്കും പരിക്കുകൾ കാരണം ശേഷിക്കുന്ന മത്സരങ്ങൾക്ക് ആർസിബിക്കും ഡൽഹി ക്യാപിറ്റൽസിനുമായി കളിക്കാൻ തിരിച്ചെത്തിയേക്കില്ല എന്ന സൂചനകളുണ്ട്. ഇരുവരും ജൂൺ 11 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ സാധ്യതയുണ്ട്.
ഐപിഎൽ 2025 പുതുക്കിയ ഷെഡ്യൂൾ
- മെയ് 17, 2025 – വൈകുന്നേരം 7:30 IST – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബെംഗളൂരു
- മെയ് 18 – ഉച്ചയ്ക്ക് 3:30 IST – രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിംഗ്സ്, ജയ്പൂർ
- മെയ് 18 – വൈകുന്നേരം 7:30 IST – ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി
- മെയ് 19 – വൈകുന്നേരം 7:30 IST – ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs സൺറൈസേഴ്സ് ഹൈദരാബാദ്, ലഖ്‌നൗ
- മെയ് 20 – വൈകുന്നേരം 7:30 IST – ചെന്നൈ സൂപ്പർ കിംഗ്സ് vs രാജസ്ഥാൻ റോയൽസ്, ഡൽഹി
- മെയ് 21 – വൈകുന്നേരം 7:30 IST – മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ്, മുംബൈ
- മെയ് 22 – വൈകുന്നേരം 7:30 IST – ഗുജറാത്ത് ടൈറ്റൻസ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ്, അഹമ്മദാബാദ്
- മെയ് 23 – വൈകുന്നേരം 7:30 IST – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs സൺറൈസേഴ്സ് ഹൈദരാബാദ് – ബെംഗളൂരു
- മെയ് 24 – വൈകുന്നേരം 7:30 IST – പഞ്ചാബ് കിംഗ്സ് vs ഡൽഹി ക്യാപിറ്റൽസ്, ജയ്പൂർ
- മെയ് 25 – ഉച്ചയ്ക്ക് 3:30 IST – ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പർ കിംഗ്സ്, അഹമ്മദാബാദ്
- മെയ് 25 – വൈകുന്നേരം 7:30 IST – സൺറൈസേഴ്സ് ഹൈദരാബാദ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി
- മെയ് 26 – വൈകുന്നേരം 7:30 IST – പഞ്ചാബ് കിംഗ്സ് vs മുംബൈ ഇന്ത്യൻസ്
- മെയ് 27 – വൈകുന്നേരം 7:30 IST – ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഐപിഎൽ 2025 പ്ലേ ഓഫ് ഷെഡ്യൂൾ
- മെയ് 29 – വൈകുന്നേരം 7:30 IST – ക്വാളിഫയർ 1
- മെയ് 30 – വൈകുന്നേരം 7:30 IST – എലിമിനേറ്റർ
- ജൂൺ 1 – വൈകുന്നേരം 7:30 IST – ക്വാളിഫയർ 2
- ജൂൺ 3 – വൈകുന്നേരം 7:30 IST – ഫൈനൽ