
‘ഗോഡ്ഫാദറി’ലെ ഷൂട്ടിങ്ങിനിടെ മരത്തിൽ നിന്ന് വീണപ്പോൾ സിദ്ദിഖും ലാലും കരഞ്ഞു: ജഗദീഷ്
1991-ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് മലയാള സിനിമയായിരുന്നു ‘ഗോഡ്ഫാദർ’. ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ജഗദീഷും അവതരിപ്പിച്ചു – മായിൻ കുട്ടി. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
‘ഗോഡ്ഫാദറി’ന്റെ ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ജഗദീഷ് ഇപ്പോൾ. ഒരു രംഗത്തിൽ മരത്തിന് മുകളിൽ നിന്ന് വീഴുന്ന സീൻ ചിത്രീകരിക്കുന്നതിനിടെ യഥാർത്ഥത്തിൽ കമ്പി പൊട്ടി താൻ താഴേക്ക് വീണെന്നും, ഇത് കണ്ട് സിദ്ദിഖും ലാലും പേടിച്ച് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയെന്നുമാണ് അദ്ദേഹം പറയുന്നത്.
‘ഗോഡ്ഫാദർ സിനിമയിലെ മായിൻ കുട്ടി മരത്തിൽ നിന്ന് വീഴുന്ന സീൻ എനിക്കിപ്പോഴും ഓർമ്മയുണ്ട്. യഥാർത്ഥത്തിൽ ഞാൻ കമ്പി പൊട്ടി താഴേക്ക് വീഴുകയായിരുന്നു. അന്ന് സിദ്ദിഖും ലാലും എന്റെ അടുത്തേക്ക് ഓടിയെത്തി. അവർ അന്ന് ആകെ പേടിച്ചിരുന്നു. അവർ ശരിക്കും നിലവിളിച്ചുകൊണ്ടാണ് എന്റെ അടുത്തേക്ക് എത്തിയത്. അവർ യഥാർത്ഥത്തിൽ കരയുകയായിരുന്നു.

ഭാഗ്യവശാൽ മരത്തിന്റെ ഒരു പകുതിക്ക് ശേഷമായിരുന്നു ഈ കമ്പി പൊട്ടിയത്. അതുകൊണ്ട് കൂടുതൽ ഒന്നും പറ്റാതെയായിരുന്നു ഞാൻ നിലത്ത് ലാൻഡ് ചെയ്തത്. എനിക്കൊന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് ഞാൻ അന്ന് അവരെ ആശ്വസിപ്പിച്ചു. എന്നിട്ടും അവർ ‘കുറച്ച് നേരത്തേക്ക് വിശ്രമിക്കൂ, കുറച്ച് കഴിഞ്ഞ് ബാക്കി എടുത്താൽ മതി’യെന്ന് പറയുകയായിരുന്നു. എനിക്കൊന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല,’ ജഗദീഷ് ഓർത്തെടുക്കുന്നു.
സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെത്തി വൻവിജയമായ ചിത്രങ്ങളിൽ ഒന്നാണ് ‘ഗോഡ്ഫാദർ’. തുടർച്ചയായി നാനൂറിലധികം ദിവസങ്ങളിൽ തിയേറ്ററിൽ പ്രദർശിപ്പിച്ച ഏക മലയാള സിനിമ എന്ന റെക്കോർഡും ഈ ചിത്രത്തിനുണ്ട്.
മുകേഷ്, എൻ.എൻ. പിള്ള, കനക, ഫിലോമിന, ജഗദീഷ്, തിലകൻ, സിദ്ദീഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ഒരു തിയേറ്ററിലാണ് ചിത്രം ഇത്രയധികം നാൾ പ്രദർശിപ്പിച്ചത്. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ‘ഗോഡ്ഫാദർ’ സ്വന്തമാക്കിയിരുന്നു.