FootballSports

പ്രതിരോധം പാളി ! മെസി നിരാശൻ; ഇൻ്റർ മിയാമിക്ക് വമ്പൻ തോൽവി

മേജർ ലീഗ് സോക്കറിൽ ഇൻ്റർ മിയാമിക്ക് വമ്പൻ തോൽവി. മിനസോട്ടയാണ് 4-1 ന് ഇൻ്റർ മിയാമിയെ തകർത്തത്. 74 ശതമാനം ബോൾ പൊസിഷനും മിയാമിക്ക് ആയിട്ടും മത്സരത്തിൽ തോൽവി നേരിട്ടതിൽ മെസി നിരാശനാണ്. വെറും 26 ശതമാനം ബോൾ പൊസിഷൻ ഉള്ള ടീം ജയിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വവും .

മിയാമി പ്രതിരോധത്തിലെ വീഴ്ചകൾ മുതലെടുത്ത് കൗണ്ടർ അറ്റാക്കിലൂടെയാണ് മിനസോട്ട ഗോളുകൾ നേടിയത്. മെസിയുടെ നേതൃത്വത്തിലെ ആക്രമണമാണ് മിയാമിയുടെ കുന്തമുന. ഇത് കൃത്യമായി മനസിലാക്കി കൗണ്ടർ അറ്റാക്കിന് വേണ്ടി മിനസോട്ട കാത്തിരുന്നു. ഒപ്പം മോശം പ്രതിരോധം കൂടി ആയതോടെ മിയാമി തകർന്നു . 32, 47 മിനിട്ടുകളിൽ ഗോളുകൾ നേടി മിനസോട്ട മിയാമിയെ ഞെട്ടിച്ചു. 48 ആം മിനിട്ടിൽ മെസിയുടെ ഇടം കാലൻ ഷോട്ട് വലതു ഗോൾ പോസ്റ്റിൽ പതിച്ചതോടെ മിയാമി ആഹ്ളാദത്തിൽ ആയി. മിയാമി തിരിച്ചു വരുന്നു എന്ന് പ്രതീക്ഷിച്ച ആരാധകരെ മിയാമി പ്രതിരോധ നിര വീണ്ടും നിരാശരാക്കി. 68 ആം മിനിട്ടിൽ സെൽഫ് ഗോളും 70 ആം മിനിട്ടിലെ ലോഡിൻ്റെ ഗോളും മിനസോട്ടയെ 4-1 ലേക്ക് ഉയർത്തി. ഗോൾ മടക്കാൻ മിയാമിക്ക് കഴിഞ്ഞതും ഇല്ല. മെസി മിയാമിയിൽ എത്തിയതിനു ശേഷം നേരിടുന്ന ഏറ്റവും കനത്തന തോൽവിയാണിത്. മെസിയുടെ പകുതി നിലവാരത്തിൽ പോലും കളിക്കാൻ സഹതാരങ്ങൾക്ക് സാധിക്കുന്നില്ല എന്നതും മിയാമിയെ തളർത്തുന്നു.

മെസിയുടെ നിലവാരത്തിനൊത്ത പ്രകടനം സഹതാരങ്ങളിൽ നിന്ന് വരാത്തത് കഴിഞ്ഞ മൽസരത്തിലും മെസിയെ പ്രകോപിപ്പിച്ചിരുന്നു. ന്യൂയോർക്ക് റെഡ് ബുൾസിന് എതിരായ മത്സരത്തിന് ശേഷം ജയം ആഘോഷിക്കാൻ ടീം അംഗങ്ങളെല്ലാം ഗ്രൗണ്ടിൽ തുടർന്നു. എന്നാൽ ഫൈനൽ വിസിൽ മുഴങ്ങി ഉടനെ തന്നെ മെസി തനിച്ച് ലോക്കർ റൂമിലേക്ക് മടങ്ങിയിരുന്നു.

4-1ന് ടീം ജയിച്ചിട്ടും ഒട്ടും സന്തുഷ്ടനായല്ല മെസി മൈതാനം വിട്ടത്. മത്സരം ഇന്റർ മയാമി ജയിച്ചെങ്കിലും മറ്റ് താരങ്ങളുടെ പ്രകടനം മെസിയുടെ നിലവാരത്തിനൊപ്പം നിൽക്കുന്നതായിരുന്നില്ല എന്ന് ഇന്റർ മയാമി പരിശീലകൻ മഷറാനോ പറഞ്ഞു. “മെസി ആവശ്യപ്പെടുന്ന നിലവാരം ഏതെന്ന് ഞങ്ങൾക്കറിയാം. സഹതാരങ്ങൾ ആ നിലവാരത്തിനൊപ്പം ഉയരണം എന്നതാണ് മെസിയുടെ ആവശ്യം,” ഇന്റർ മയാമി പരിശീലകൻ പറഞ്ഞു.