News

പിപി ദിവ്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് ഡയറക്ടറെ മാറ്റി!

തിരുവനന്തപുരം: ഡി.ജി.പി യോഗേഷ് ഗുപ്തയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് വൻ അഴിമതിക്കേസുകളിൽ നടപടിയെടുത്തതിന് പിന്നാലെ. നാലുമാസത്തിനിടെ 40 കൈക്കൂലിക്കാരെ പിടികൂടുകയും 212 മിന്നൽ പരിശോധനകൾ നടത്തുകയും ചെയ്ത യോഗേഷ് അഴിമതിക്കാരുടെ പേടിസ്വപ്‌നമായിരുന്നു. ഡി.ജി.പി മനോജ് എബ്രഹാമിനെയാണ് പുതിയ വിജിലൻസ് മേധാവിയായി നിയമിച്ചിരിക്കുന്നത്.

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ബിനാമി കമ്പനിക്ക് 12 കോടിയോളം രൂപയുടെ കരാറുകൾ നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ യോഗേഷ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജില്ലാ പഞ്ചായത്തിന്റെ കരാറുകൾക്കായി രൂപീകരിച്ച ബിനാമി കമ്പനിയാണിതെന്നാണ് കണ്ടെത്തൽ. ബിനാമി ഇടപാടിൽ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കൾ അന്വേഷിക്കാനും യോഗേഷ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയത്.

പിരിച്ചുവിടണമെന്ന് വിജിലൻസ് ശുപാർശ ചെയ്ത തിരുവനന്തപുരത്തെ ഒരു വനം ഉദ്യോഗസ്ഥനെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നതിനെ യോഗേഷ് രേഖാമൂലം എതിർത്തിരുന്നു. അഴിമതിക്കേസിൽ വിജിലൻസ് പ്രതിയാക്കിയ ഉദ്യോഗസ്ഥൻ നടത്തിയ അഴിമതിയുടെ വീഡിയോ തെളിവുകളുണ്ടെന്നും ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്നും യോഗേഷ് റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ ഇത് തള്ളിക്കളഞ്ഞ് സസ്പെൻഷൻ പിൻവലിച്ച് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. വനം മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ രേഖപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ജ്യോതിലാലിനെയും വനം വകുപ്പിൽ നിന്ന് മാറ്റിയിരുന്നു.

നാളികേരം, കൊപ്രാ സംഭരണത്തിൽ പൊതുമേഖലാ സ്ഥാപനം നടത്തിയ 100 കോടിയുടെ സബ്‌സിഡി വെട്ടിപ്പ് കണ്ടെത്തിയ യോഗേഷ്, കേസ് എടുക്കാൻ സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഗുണഭോക്താക്കൾ ആരാണെന്ന് വ്യക്തമാക്കാതെ സഹകരണ ബാങ്കുകൾ വഴിയും തട്ടിപ്പ് നടന്നിട്ടുണ്ട്. പണം നൽകിയെങ്കിലും കൊപ്രയും നാളികേരവും സംഭരിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഈ കേസിൽ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.

കരാറുകാരുമായി ചേർന്ന് മറ്റൊരു കോർപ്പറേഷൻ നടത്തിയ കോടികളുടെ തട്ടിപ്പ്, പിന്നാക്ക വിഭാഗങ്ങൾക്കായുള്ള സ്ഥാപനം നടത്തിയ 15 കോടിയുടെ തട്ടിപ്പ്, കൃഷിമേഖലയിലെ കോർപ്പറേഷൻ കേന്ദ്രസർക്കാരിന്റെ സബ്‌സിഡി തട്ടിയത് എന്നിവയിലും യോഗേഷ് അന്വേഷണം നടത്തി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. കൈക്കൂലിക്കാരായ ചില കേന്ദ്ര ഉദ്യോഗസ്ഥരെയും അദ്ദേഹം അറസ്റ്റ് ചെയ്തിരുന്നു.

തുടർച്ചയായ പരിശോധനകളിലൂടെ ക്വാറി മാഫിയയുടെ ഖനനം നിയന്ത്രിച്ച യോഗേഷ്, അധിക പിഴ, റോയൽറ്റി, പെനാൽറ്റി എന്നിവയിലൂടെ 500 കോടി രൂപ ഖജനാവിലെത്തിച്ചു. മിന്നൽ പരിശോധനകൾ കാരണം ക്വാറികളിലെ കണക്കുകളിലെ കൃത്രിമം ഇല്ലാതായി. ഇതോടെ ക്വാറി മാഫിയയും യോഗേഷിനെതിരെ രംഗത്തെത്തിയിരുന്നു.

മൂന്നാഴ്ച മുൻപ്, ഏപ്രിൽ 16ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ അഴിമതിക്കെതിരെ വിജിലൻസ് നടത്തുന്ന ശക്തമായ മുന്നേറ്റത്തെ പ്രശംസിച്ചിരുന്നു. അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കണമെന്നും വിജിലൻസിന്റെ പ്രവർത്തനത്തിൽ പ്രൊഫഷണലിസമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ യോഗേഷിനെ സ്ഥാനത്തുനിന്ന് നീക്കിയത് അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ നടപടികൾക്ക് തിരിച്ചടിയാണെന്ന വിലയിരുത്തലുകൾ വരുന്നുണ്ട്.