News

ക്ഷാമബത്ത: കേരളത്തിൽ കുടിശിക 6 ഗഡു; കാശ്മീരിൽ ഒരു ഗഡു

ക്ഷാമബത്തയിൽ കാശ്മീർ കേരളത്തേക്കാൾ ഏറെ മുന്നിൽ. കാശ്മീരിൽ ക്ഷാമബത്ത കുടിശിക ഒരു ഗഡു ആണെങ്കിൽ കേരളത്തിൽ കുടിശിക 6 ഗഡുവാണ്. ഏറ്റവും ഒടുവിൽ കാശ്മീരിൽ ക്ഷാമബത്ത പ്രഖ്യാപിച്ചത് 2025 ജനുവരിയിലാണ്. ജനുവരി 20 ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ക്ഷാമബത്ത പ്രഖ്യാപിച്ചത്. 2024 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിച്ചത്.

പ്രഖ്യാപിച്ച ക്ഷാമബത്തയുടെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കുടിശിക ഫെബ്രുവരിയിൽ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.അതേ സമയം കേരളത്തിൽ 2022 ജനുവരിയിലെ ക്ഷാമബത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. 18 ശതമാനം ആണ് കുടിശിക.

കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച 2021 ജനുവരി, ജൂലൈ, 2022 ജനുവരി പ്രാബല്യത്തിലെ 3 ഗഡു ക്ഷാമബത്തക്കും കുടിശികയും അനുവദിച്ചില്ല. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് മൂലം നഷ്ടപ്പെട്ടത്.

കാശ്മീരിൽ ക്ഷാമബത്തയുടെ കുടിശിക പണമായി നൽകുമ്പോഴാണ് കേരളത്തിൽ ഒന്നും കൊടുക്കാത്തത്. ക്ഷാമബത്ത മാത്രമല്ല ജനങ്ങൾക്ക് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങൾ കേരളത്തിൽ കുടിശികയാണ്. രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്മെൻ്റാണ് ബാലഗോപാലിൻ്റേത് എന്നത് പകൽ പോലെ വ്യക്തം.