News

സംഘർഷം തീർന്നു; നാലാം വാർഷികാഘോഷം തുടരാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ഇന്ത്യ-പാകിസ്താൻ സംഘർഷം കണക്കിലെടുത്ത് താൽക്കാലികമായി നിർത്തിവെച്ച പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം അടുത്ത ദിവസം മുതൽ തന്നെ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.

വാർഷിക പരിപാടികൾ മെയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എൻ്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയ്യതി പിന്നീട് അറിയിക്കും.

ഏപ്രില്‍ 21-നാണ് സംസ്ഥാനത്തെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കമായത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍, മേഖല തിരിച്ച് നാല് കൂടിച്ചേരലുകള്‍, പ്രദര്‍ശന വിപണന മേളകള്‍ തുടങ്ങിയ പരിപാടികളാണ് സര്‍ക്കാര്‍ നടത്തുന്നത്. മെയ് 30 വരെയാണ് വാർഷികാഘോഷം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖത്തിന് 21 ലക്ഷം അനുവദിച്ചു. നാലാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് മുഖാമുഖം.

കായിക യുവജനകാര്യ വകുപ്പിൽ നിന്ന് മെയ് മാസം 8 നാണ് തുക അനുവദിച്ചത്. മുഖാമുഖം പരിപാടിക്ക് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനുള്ള യാത്ര ചെലവിനും, യാത്ര മദ്ധേ ഭക്ഷണം, കുടിവെള്ളം എന്നിവ കൊടുക്കുന്നതിനും 13 ലക്ഷം ആണ് അനുവദിച്ചത്.

രജിസ്ട്രേഷൻ ചെലവ് 3.50 ലക്ഷം. ബാഗ്, പേന, പാഡ്, ടാഗ്, ഐ.ഡി കാർഡ്, ബാഡ്ജ് എന്നിവയ്ക്കാണ് 3.50 ലക്ഷം . വീഡിയോ വാൾ , ലൈവ് പ്രസൻ്റേഷൻ, സ്റ്റിൽ ആൻഡ് വീഡിയോ ഡോക്യുമെൻ്റേഷൻ എന്നിവയ്ക്ക് 4 ലക്ഷവും മറ്റുള്ളവയ്ക്ക് 50000 രൂപയും അടക്കം 21 ലക്ഷമാണ് മുഖാമുഖത്തിന് അനുവദിച്ചിരിക്കുന്നത്. തുക ഇനിയും ഉയരും .