
ഹൈക്കോടതിയിലെ സിവിൽ ജഡ്ജ് നിയമന പ്രക്രിയ താല്ക്കാലികമായി നിർത്തിവെച്ചു; പ്രിലിമിനറി പരീക്ഷയും മാറ്റി
കൊച്ചി: കേരള ഹൈക്കോടതി പുറത്തിറക്കിയ പുതിയ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) പദവിയിലേക്കുള്ള നേരിട്ട് നിയമനത്തിനായി 2025 ജനുവരി 31-ന് പുറപ്പെടുവിച്ച വിജ്ഞാപനം താത്ക്കാലികമായി നിർത്തിവെക്കുന്നതായി ഹൈക്കോടതി അറിയിച്ചു. നിലവിൽ സുപ്രീം കോടതിയിൽ വിചാരണയ്ക്കിടയിലുള്ള വിവിധ ഇടപെടൽ അപേക്ഷകളിൽ (I.A. No. 72900/2021 മുതലായവയിൽ) വിധി വരുന്നതു വരെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മാറ്റിവയ്ക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി 2025 മെയ് 18-ന് നടത്താനിരുന്ന കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷയും മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) നിക്സൺ എം. ജോസഫ് ആണ് ഈ ഉത്തരവ് പുറത്തിറക്കിയത്.
നിയമ മേഖലയിൽ പ്രവേശനം തേടുന്നവർക്കിടയിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയിരുന്ന നിയമന പ്രക്രിയയുടെ താല്ക്കാലിക മരവിപ്പ് നിരാശയിലാഴ്ത്തിയിട്ടുണ്ട്.