
ലാഹോറിൽ സ്ഫോടന പരമ്പര; നഗരം പുകയിൽ മൂടി
ലാഹോർ: പാകിസ്താനിലെ ലാഹോറിൽ ഇന്ന് രാവിലെ സ്ഫോടന പരമ്പര റിപ്പോർട്ട് ചെയ്തു. പാക് ടെലിവിഷൻ ചാനലായ ജിയോ ടിവിയും വാർത്താ ഏജൻസിയായ റോയിട്ടേഴ്സും ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. നഗരത്തിൽ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ അറിയിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ഗോപാൽ നഗർ, നസീറബാദ് മേഖലകളിലാണ് സ്ഫോടനങ്ങൾ നടന്നത്. രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ പല തവണ വലിയ സ്ഫോടനങ്ങൾ കേട്ടതായി പറയപ്പെടുന്നു. സ്ഫോടനങ്ങൾക്ക് പിന്നാലെ നഗരത്തിൽ സൈറൺ മുഴങ്ങി. പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. നഗരം പുകപടലത്താൽ മൂടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഈ സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണത്തിന്റെ ഫലമാണെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ റിപ്പോർട്ടുകളില്ല.
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണം പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടന്നതിന് പിന്നാലെയാണ് ലാഹോറിലെ സ്ഫോടന വാർത്തകൾ പുറത്തുവരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ അപ്രതീക്ഷിതമായ തിരിച്ചടിയുടെ ഞെട്ടലിലാണ് പാകിസ്താൻ ഇപ്പോൾ.
അതേസമയം, പാകിസ്താനിലെ സാധാരണക്കാരെയോ സൈനിക കേന്ദ്രങ്ങളെയോ ബാധിക്കാതെ, ഭീകര കേന്ദ്രങ്ങൾ കൃത്യമായി ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സൈനിക നടപടി നടന്നത്. ഈ സൈനിക നടപടിയിൽ ഏകദേശം 70 ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.