Cinema

പ്രൊഫസർ അമ്പിളിയായി ജഗതിയുടെ ഗംഭീര തിരിച്ചുവരവ്; ‘വല’യുടെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്

മലയാള സിനിമയുടെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ മടങ്ങിവരവ്. ചിത്രത്തിലെ ‘പ്രൊഫസർ അമ്പിളി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗതിയുടെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തിറങ്ങി. ‘ഗഗനചാരി’ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ഈ ചിത്രം ജഗതിയുടെ കരിയറിലെ ഒരു തിരിച്ചുവരവ് ആകുമെന്നാണ് പ്രതീക്ഷ.

‘നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിന്റെ കാര്യത്തിൽ ഇന്ന് നാം നിൽക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിന് ചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതൽ കരയെ ചേർക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിന്റെ പൂർണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്,’ എന്ന പ്രൊഫസർ അമ്പിളിയുടെ വാക്കുകളോടെയാണ് ഗ്ലിംസ് വീഡിയോ ആരംഭിക്കുന്നത്.

ജഗതിയുടെ 73-ാം ജന്മദിനത്തിൽ സിനിമയിലെ കഥാപാത്ര പോസ്റ്റർ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ചക്രകസേരയിലിരിക്കുന്ന ജഗതിയെയാണ് വീഡിയോയിൽ കാണുന്നത്. ഇത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് കൂടുതൽ ആകാംഷ നൽകുന്നു.

‘വല’യിൽ ജഗതി ശ്രീകുമാർ പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ ആയി എത്തുമ്പോൾ, അനാർക്കലി മരിക്കാർ താര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലിസ്റ്റോ, വിശാൽ കുര്യൻ, പുറമ്പോക്ക് പ്ലൂട്ടോ, റെനോ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് മറ്റ് കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും ഗ്ലിംസ് വീഡിയോയിൽ മിന്നിമറയുന്നുണ്ട്.

ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ‘ഗഗനചാരി’യിലെ അനാർക്കലി മരിക്കാർ, കെ.ബി. ഗണേഷ് കുമാർ, ജോൺ കൈപ്പള്ളിൽ എന്നിവരും ‘വല’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ, മാധവ് സുരേഷും ഭഗത് മാനുവലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ലോകത്തെ തന്റെ കൈവെള്ളയിൽ ഒതുക്കാൻ കഴിവുള്ള ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞന്റെ റോളിലാണ് ജഗതി ശ്രീകുമാറിനെ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘വല’യും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലവുമാണ് വാഗ്ദാനം ചെയ്യുന്നത്. ജഗതി ശ്രീകുമാറിന്റെ ഈ തിരിച്ചുവരവ് മലയാള സിനിമാ പ്രേമികൾക്ക് ഒരു വിസ്മയ കാഴ്ചയായിരിക്കും എന്നതിൽ സംശയമില്ല.