NationalNews

തിരിച്ചടിച്ച് ഇന്ത്യ: ‘ഓപ്പറേഷൻ സിന്ദൂർ’; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം

9 ഭീകര കേന്ദ്രങ്ങൾ തകർത്തു!

ന്യൂഡൽഹി: ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിലെയും പാക് അധീനതയിലുള്ള ജമ്മു കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.

ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നയിക്കുകയും ചെയ്യുന്ന ഭീകരരുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. മൊത്തം ഒമ്പത് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും സൈന്യം പറഞ്ഞു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് തിരിച്ചടിയായി പൂഞ്ച്-രജൗരി മേഖലയിലെ ഭീംബർ ഗാലിയിൽ ഇന്ത്യൻ പീരങ്കി ആക്രമണം നടത്തി.

‘ഞങ്ങളുടെ നടപടികൾ ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ളതും സ്ഥിതി വഷളാക്കാത്തതുമാണ്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ആക്രമണം നടത്തുന്ന രീതിയിലും ഇന്ത്യ വലിയ സംയമനം പാലിച്ചിട്ടുണ്ട്,’ ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

‘പഹൽഗാമിലെ കിരാതമായ ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടികൾ. ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഞങ്ങളുടെ ഉറപ്പ് ഞങ്ങൾ പാലിക്കുകയാണ്,’ എന്നും സൈന്യം കൂട്ടിച്ചേർത്തു.