
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് ഇന്ത്യ. 26 പേർ കൊല്ലപ്പെട്ട പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധീനതയിലുള്ള ജമ്മു കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന കൃത്യമായ ആക്രമണം നടത്തി. ഇതിന് പിന്നാലെ ‘ഓപ്പറേഷൻ സിന്ദൂറി’നോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി.
ബുധനാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പ്രതിരോധ മന്ത്രി ‘ഭാരത് മാതാ കീ ജയ്’ എന്ന് കുറിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചു. എക്സിൽ അദ്ദേഹം കുറിച്ചത് ‘ജയ് ഹിന്ദ്! ജയ് ഹിന്ദ് കി സേന!’ എന്നാണ്.

ഇന്ത്യയുടെ ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ ജമ്മു കശ്മീരിലെ ഭീംബർ ഗാലിയിൽ വെടിവയ്പ് നടത്തി വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം ‘കൃത്യമായ രീതിയിൽ ഉചിതമായ പ്രതികരണം’ നൽകുകയാണെന്ന് അധികൃതർ അറിയിച്ചു.

പൊതു വിവരങ്ങളുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ (എഡിജി പിഐ) എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: ‘പൂഞ്ച്-രജൗരി മേഖലയിലെ ഭീംബർ ഗാലിയിൽ പാകിസ്ഥാൻ വീണ്ടും വെടിവയ്പ് നടത്തി വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം കൃത്യമായ രീതിയിൽ ഉചിതമായ പ്രതികരണം നൽകുന്നു.’
ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ വെടിവയ്പുണ്ടായത്. പാകിസ്ഥാനിലെയും പാക് അധീനതയിലുള്ള ജമ്മു കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ സൈനിക നടപടി.
‘കുറച്ചു സമയത്തിനു മുൻപ്, ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു. ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നയിക്കുകയും ചെയ്യുന്ന പാകിസ്ഥാനിലെയും പാക് അധീനതയിലുള്ള ജമ്മു കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തി,’ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മൊത്തത്തിൽ ഒമ്പത് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ‘ഞങ്ങളുടെ നടപടികൾ ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ളതും സ്ഥിതി വഷളാക്കാത്തതുമാണ്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ആക്രമണം നടത്തുന്ന രീതിയിലും ഇന്ത്യ വലിയ സംയമനം പാലിച്ചിട്ടുണ്ട്,’ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട ‘ക്രൂരമായ’ പഹൽഗാം ഭീകരാക്രമണത്തിനുള്ള പ്രതികരണമായാണ് ഈ നടപടികളെന്ന് മന്ത്രാലയം അറിയിച്ചു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രതിബദ്ധത സർക്കാർ ആവർത്തിച്ചു.
‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇന്ന് പിന്നീട് നൽകുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യൻ സൈന്യം എക്സിൽ കുറിച്ചത് ‘നീതി നടപ്പിലാക്കി. ജയ് ഹിന്ദ്!’ എന്നാണ്.നേരത്തെ, സൈന്യം ‘ആക്രമിക്കാൻ തയ്യാർ, വിജയിക്കാൻ പരിശീലനം നേടിയവർ’ എന്നും പോസ്റ്റ് ചെയ്തിരുന്നു.