NationalNews

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്ത് വിട്ടു; ഏറ്റവും കൂടുതൽ സ്വത്ത് ജസ്റ്റിസ് കെ.വി. വിശ്വനാഥന്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 120.96 കോടി രൂപയുടെ നിക്ഷേപവുമായി ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ് ഏറ്റവും കൂടുതൽ സ്വത്തുള്ള ജഡ്ജി. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സുപ്രീം കോടതി അറിയിച്ചു.

ഏപ്രിൽ ഒന്നിന് ചേർന്ന ഫുൾ കോർട്ട് യോഗത്തിലെ തീരുമാനപ്രകാരമാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തത്. എന്നാൽ, 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടെ വിവരങ്ങൾ ഉടൻ തന്നെ വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്നും സുപ്രീം കോടതി പ്രസ്താവനയിൽ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിക്ഷേപമുള്ള ജസ്റ്റിസ് കെ.ആർ. വിശ്വനാഥൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ 91 കോടി രൂപ നികുതിയായി അടച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

2022 നവംബർ ഒമ്പതു മുതൽ 2025 മേയ് അഞ്ചുവരെ സുപ്രീം കോടതി കൊളീജിയം അംഗീകരിച്ച നിയമന ശുപാർശയിലുള്ള ജഡ്ജിമാരുടെ പേര്, അവർ സേവനമനുഷ്ഠിച്ച ഹൈക്കോടതി, നിയമിച്ച തീയതി, ഇവർക്ക് നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീം കോടതി/ഹൈക്കോടതി ജഡ്ജിമാരുമായി ബന്ധമുണ്ടോ, നിയമനത്തിൽ ഹൈക്കോടതി കൊളീജിയത്തിന്റെയും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെയും ചുമതലകളും നിർദ്ദേശങ്ങളും, ഇവ പരിഗണിച്ച സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടികൾ എന്നിവയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കാലത്ത് ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട 170 ജഡ്ജിമാരിൽ 12 പേർ മറ്റ് ജഡ്ജിമാരുടെ ബന്ധുക്കളാണെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.