News

വേടന്റെ അറസ്റ്റ്: സ്ഥിരീകരിക്കാത്ത വിവരങ്ങൾ നൽകിയ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

കൊച്ചി: റാപ്പർ വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അതീഷിനെ സ്ഥലം മാറ്റി. മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് അദ്ദേഹത്തെ മാറ്റാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം അതീഷ് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് സ്ഥലം മാറ്റം.

വേടനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചെങ്കിലും, അദ്ദേഹത്തെക്കുറിച്ച് അതീഷ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ അതിരുകടന്നതായി വനം മേധാവി മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതീഷ് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ്.

ഒരു സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിൻ്റെ പ്രതികരണങ്ങൾ നിയന്ത്രണം വിട്ടുപോകാൻ കാരണമെന്നും, കേസിൽ നടപടിക്രമങ്ങളിൽ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും റേഞ്ചേഴ്സ് അസോസിയേഷൻ സർക്കാരിനെ അറിയിച്ചിരുന്നു.

അതീഷിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും, ഭാവിയിൽ ഉന്നതർ പ്രതികളാകുന്ന കേസുകളിൽ കർശന നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വൈമുഖ്യം ഉണ്ടാകാൻ ഇത് കാരണമാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ അഭ്യർത്ഥനകൾ പരിഗണിക്കാതെയാണ് മന്ത്രിയുടെ നടപടി.

വനം വകുപ്പിലെ ഒരു പ്രമുഖ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെതിരെ തന്നെ നടപടിയുണ്ടായത് മറ്റ് ഉദ്യോഗസ്ഥർക്കിടയിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.