
ആര്യ രാജേന്ദ്രന്റെ തിരുവനന്തപുരം കോർപറേഷനിൽ വ്യാപക ക്രമക്കേട്; അഴിമതി പൊക്കി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം
തിരുവനന്തപുരം കോർപറേഷനില്‍ നടപ്പാക്കിയ കാലം മുതൽ ക്രമക്കേട് ആരോപണം നിലനിൽക്കുന്ന വീടുകളിൽ കിച്ചൻ ബിൻ (Kitchen Bin) സ്ഥാപിക്കൽ പദ്ധതിയിൽ 2023-2024 സാമ്പത്തിക വർഷത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി.
1525 രൂപ നിരക്കിൽ 25,000 ബിന്നുകൾ സ്ഥാപിക്കാൻ 2023-24 വർഷം കൗൺസിൽ തീരുമാനമെടുത്തെങ്കിലും ഇതിൽ എത്രയെണ്ണം ലഭ്യമായെന്നോ ആർക്കൊക്കെ വിതരണം ചെയ്‌തെന്നോ ഉള്ള കൃത്യമായ കണക്ക് കോർപറേഷനിൽ ഇല്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തി.
10,673 ബിന്നുകൾ വിതരണം ചെയ്തതിന്റെ പട്ടികയുണ്ടെങ്കിലും കൈപ്പറ്റ് രസീതോ വിതരണം ചെയ്തവരുടെ പേരോ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. വിതരണം നടത്തിയെന്ന് അവകാശപ്പെടുന്ന ഗുണഭോക്താക്കളുടെ അപേക്ഷകളും ലഭ്യമല്ല.
ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് തന്നെയാണോ ബിന്നുകൾ വിതരണം ചെയ്തതെന്നതിന് യാതൊരു രേഖയുമില്ല. കൃത്യമായ രേഖകളുടെ അഭാവത്തിൽ പദ്ധതിക്കായി ചെലവഴിച്ച 1.39 കോടി രൂപയുടെ ഓഡിറ്റ് തടസ്സപ്പെടുത്തിയിരിക്കുകയാണ്.
സാക്ഷരതാ മിഷൻ സമർപ്പിച്ച കണക്കുകൾ പ്രകാരം 1210 പേർ പത്താംതരം, ഹയർ സെക്കൻഡറി തുല്യത പഠന കോഴ്‌സും 400 പേർ ഭാഷാ പഠനവും നടത്തിയിട്ടുണ്ട്. കൂടാതെ മുഴുവൻ വാർഡുകളിലും ഡിജി സാക്ഷരതാ, ഭരണഘടനാ സാക്ഷരതാ എന്നീ പദ്ധതികളും നടപ്പാക്കാൻ 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാൽ എത്ര പേർ പത്താം തരം, ഹയർ സെക്കൻഡറി പഠിച്ചെന്നോ പരീക്ഷ എഴുതിയെന്നോ വിജയിച്ചെന്നോ ഉള്ള കൃത്യമായ കണക്ക് ലഭ്യമാക്കിയില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ.
ഡിജി സാക്ഷരത പദ്ധതിക്ക് പത്ത് ലക്ഷം രൂപയും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സിന് 7.5 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെങ്കിലും പഠിതാക്കളുടെ എണ്ണം, പഠിതാക്കളെ തിരഞ്ഞെടുത്ത മാനദണ്ഡം എന്നിവയൊന്നും വ്യക്തമല്ലെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ കണക്കനുസരിച്ച് 26 സെന്റർ കോ-ഓർഡിനേറ്റർമാരാണ് ഉള്ളത്. എന്നാൽ സാക്ഷരതാ മിഷന്റെ കണക്കിൽ ഇത് 30 ആണ്. ഈ കണക്കുകളിലെ വൈരുധ്യവും ഓഡിറ്റ് വിഭാഗം ചോദ്യം ചെയ്യുന്നു.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്ന പദ്ധതിയിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 4.7 ലക്ഷം രൂപയുടെ ചെലവ് തടഞ്ഞു. 420 കുട്ടികൾക്ക് 45 ദിവസത്തെ പരിശീലനം നൽകിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഹാജർ ബുക്കിൽ വൈറ്റ്‌നർ ഉപയോഗിച്ച് വ്യാപകമായ തിരുത്തലുകൾ വരുത്തിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി.
കോർപറേഷന് കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്റർ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ അനധികൃതമായി സ്റ്റാഫിനെ നിയമിച്ചിട്ടുള്ളതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മാർഗ്ഗരേഖയ്ക്ക് വിരുദ്ധമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് സൗജന്യ മരുന്ന് വിതരണം നടത്തിയതായും കണ്ടെത്തലുണ്ട്. ഹൃദയ സംബന്ധമായ രോഗമുള്ളവർ, ഡയാലിസിസിന് വിധേയരായവർ, കാൻസർ, ഹീമോഫീലിയ രോഗികൾ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ ഉൾപ്പെടെ 218 പേരാണ് സൗജന്യമായി മരുന്ന് കൈപ്പറ്റിയത്. ഇതിൽ 158 പേരും ചികിത്സ തേടിയത് സ്വകാര്യ ആശുപത്രികളിലാണെന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഈ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് കോർപറേഷൻ വിശദീകരണം നൽകേണ്ടിവരും.