Kerala Government News

പങ്കാളിത്ത പെൻഷൻകാർക്ക് DCRG നിഷേധം: മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ പരാതിയുമായി വിരമിച്ച ജീവനക്കാർ

സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. വിവിധ വകുപ്പുകളില്‍നിന്നും വിരമിച്ച സർക്കാർ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.

KSR പാർട്ട് 3 തങ്ങൾക്ക് ബാധകമല്ലെന്ന സർക്കാർ ഗസറ്റ് വിജ്ഞാപനം മൂലം പെൻഷനും ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് പരാതിയിൽ പറയുന്നു. തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ, സര്‍ക്കാര്‍ തീരുമാനമാകുമ്പോഴേക്കും മരണശേഷം അവകാശികൾക്ക് ലഭിക്കുന്നത് നീതി നിഷേധമാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2013 ഏപ്രിൽ ഒന്നിന് ശേഷം സ്ഥിരപ്പെട്ടതിനാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ ഇവര്‍ ഉൾപ്പെട്ടത്. ഈ പദ്ധതി പ്രകാരം ലഭിക്കുന്നത് തുച്ഛമായ ആന്വിറ്റി മാത്രമാണ്.

ചെറുകിട സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പോലും ഗ്രാറ്റുവിറ്റി നിയമപ്രകാരം നിർബന്ധമാക്കിയിരിക്കുന്ന സർക്കാർ, തങ്ങളുടെ ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം അത് നിഷേധിക്കുന്നത് തുല്യതയുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഗ്രാറ്റുവിറ്റി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതികളിൽ പോലും കാര്യമായ നടപടിയുണ്ടായില്ല. ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ, വിഷയം പഠിക്കാൻ നിയോഗിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കുന്ന കമ്മിറ്റിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

ഈ വിഷയത്തിൽ കോടതിയെ സമീപിച്ചാലും ഉടൻ നീതി ലഭിക്കാത്ത അവസ്ഥയാണെന്നും പരാതിക്കാര്‍ പറയുന്നു. സമാന വിഷയങ്ങളിൽ 2019 മുതൽ നിരവധി കേസുകൾ വിവിധ കോടതികളിൽ നിലനിൽക്കുന്നുണ്ട്. സർക്കാർ പുനഃപരിശോധനാ സമിതിയുടെയും പുതിയ കമ്മിറ്റിയുടെയും പേര് പറഞ്ഞ് ഈ കേസുകൾ നീട്ടിക്കൊണ്ടുപോവുകയാണ്.

60 വയസ്സിന് മുകളിൽ പ്രായമുള്ള പലരും അവശരും രോഗികളുമായി ബുദ്ധിമുട്ടേറിയ ജീവിതം നയിക്കുകയാണ്. അതിനാൽ, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് തങ്ങൾക്ക് അർഹതപ്പെട്ട ഗ്രാറ്റുവിറ്റിയും മറ്റ് കുടിശ്ശികകളും ലഭ്യമാക്കാനും വാർദ്ധക്യകാലത്ത് മാന്യമായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും കമ്മീഷൻ നടപടി സ്വീകരിക്കണമെന്നാണ് വിരമിച്ച ജീവനക്കാരുടെ ആവശ്യം.

ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ എന്ത് നിലപാട് സ്വീകരിക്കും എന്ന് ഉറ്റുനോക്കുകയാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ആയിരക്കണക്കിന് വിരമിച്ച ജീവനക്കാർ. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളാകട്ടെ ഈ നീതിനിഷേധം കണ്ടില്ലെന്ന് നടിക്കുകയാണ്.

കേരളത്തിൽ മാത്രമാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് DCRG നിഷേധിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിലും മറ്റെല്ലാ സംസ്ഥാന സർക്കാരുകളിലും 2016 മുതൽ DCRG യും കുടുംബ പെൻഷനും അനുവദിച്ചിട്ടും കേരളത്തിൽ മാത്രം അനുവദിച്ചിട്ടില്ല. കേരളത്തിലെ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ ഗ്രേറ്റുവിറ്റി നിർബന്ധമാക്കി തൊഴിൽ വകുപ്പ് നിർദേശം നൽകിയിട്ടും കേരളത്തിലെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാർക്ക് അനുവദിച്ചില്ല. ഈ നീതി നിഷേധമാണ് ഇപ്പോൾ പദ്ധതിയിൽ നിന്നും വിരമിച്ച ഒരു കൂട്ടം ജീവനക്കാർ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ആയി ഉന്നയിച്ചിരിക്കുന്നത്. സർക്കാരിന്റെയും വിവിധ സർവീസ് സംഘടനകളുടെയും പങ്കാളിത്ത പെൻഷൻ ജീവനക്കാരോടുള്ള നിഷേധാത്മക നിലപാടാണ് ജീവനക്കാരെ കമ്മിഷന് മുന്നിലേക്ക് എത്തിച്ചത്.