
ബാലഗോപാൽ, ഇത് എന്തൊരു ഭരണം! ജി എസ് ടി വളർച്ച വെറും 5 ശതമാനം
കേരളത്തിൻ്റെ ജി.എസ് ടി വരുമാന വളർച്ച വെറും 5 ശതമാനം മാത്രം. 2024 ഏപ്രിലിൽ 3272 കോടി രൂപയായിരുന്നത് ഇത്തവണ 3436 കോടിയായി ഉയർന്നു. വളർച്ച 5 ശതമാനം മാത്രം. ബാലഗോപാലിൻ്റെ take off നടന്നില്ല എന്ന് തെളിയിക്കുകയാണ് കണക്കുകൾ.
കഴിഞ്ഞ ബജറ്റ് അവതരണ വേളയിൽ കേരളത്തിൻ്റെ ധനകാര്യവും വരുമാനവും ഒരു പുതിയ take off ൽ ആണെന്നും കഴിഞ്ഞ 5 വർഷം കൊണ്ട് വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടായെന്നും കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടിരുന്നു. എന്നാൽ കോവിഡ് കാലത്തെ വരുമാനം അടിസ്ഥാനമാക്കി ജനങ്ങളെ പറ്റിക്കാൻ തയ്യാറാക്കിയ കള്ളകണക്ക് ആണ് അതെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബാലഗോപാലിൻ്റെ തലതിരിഞ്ഞ സാമ്പത്തിക മാനേജ്മെൻ്റ് മൂലം സംസ്ഥാനത്തിൻ്റെ തനതു നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി. നികുതി പിരിവിൽ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം വരുമാനത്തിലുണ്ടായ കുറവ് പരിഹരിക്കാൻ അശാസ്ത്രീയമായ സെസ്സും ഫീസുകളും വർദ്ധിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ബുദ്ധിമുട്ടിച്ചു.
സർക്കാർ നൽകേണ്ട പണങ്ങൾ ഒന്നും സമയത്ത് നൽകാത്തത് മൂലം വിപണിയും തകർന്നു. അശാസ്ത്രീയ സെസ് ഏർപ്പെടുത്തിയത് മൂലം പെട്രോളിയം നികുതിയിൽ പോലും കഴിഞ്ഞ ആറ് വർഷത്തിൽ 4 വർഷം കൊണ്ട് 700 കോടി വളർച്ച നേടിയ സ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നേടാൻ ആയത് കേവലം അഞ്ച് കോടി മാത്രം.
ഇത് പോലെ സമസ്ത മേഖലകളിലും അനാവശ്യ വർദ്ധനവ് വരുത്തി കുത്തിപിഴിയൽ തുടങ്ങിയതോടെ വൻതോതിൽ പെട്രോളിയം ഉൽപന്നങ്ങൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് വൻ തോതിൽ കള്ളക്കടത്ത് തുടങ്ങി. തൻമൂലം സ്വഭാവികമായി ലഭിക്കേണ്ട നികുതി പോലും നഷ്ടമായി. നികുതി വകുപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം നികുതി വരുമാന വളർച്ച പ്രതീക്ഷിച്ചതിൻ്റെ ഏഴയലത്ത് പോലും എത്തിയില്ല.
എല്ലാ ബജറ്റുകളിലും 30%വളർച്ച പ്രഖ്യാപിക്കും. കിട്ടുന്നത് കേവലം 6% മാത്രം. കഴിഞ്ഞ വർഷം അത് 7.5% ആയി. ഈ വർഷം വീണ്ടും ഇടിഞ്ഞു. ശരാശരി 5 ശതമാനം വളർച്ച മാത്രം. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്യേണ്ടിയിരുന്ന കേരളം ഏറ്റവും പിറകിലായി.
കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇൻ്റലിജൻസ് പിടിച്ച കേസുകൾ ഒന്നിൽ പോലും നടപടികൾ പൂർത്തികരിച്ചിട്ടില്ല. എല്ലാം ഒത്തു തീർപ്പിൽ എത്തി. റെയ്ഡ് നടക്കുമ്പോൾ വലിയ വാർത്ത വരുന്നതിന് അപ്പുറം യാതൊരു വരുമാനവും സർക്കാരിന് ലഭിക്കാറില്ല. ഓഡിറ്റ് വിഭാഗത്തിലും എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലും സ്ഥിതി വ്യത്യസ്തമല്ല.
കടബാധ്യത 6 ലക്ഷം കോടിയായി. ഒപ്പം നികുതി വകുപ്പിൻ്റെ കെടുകാര്യസ്ഥതയും കാര്യങ്ങൾ വഷളാക്കി. ബാലഗോപാലിന് പറ്റിയ പണി അല്ല ധനകാര്യം എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കേരളത്തിൻ്റെ ജി.എസ്. ടി വളർച്ചയുടെ നിരക്ക്.