
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശങ്ങൾ നിവിൻ പോളിയെ ലക്ഷ്യമിട്ടെന്ന് സൂചന. പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയെന്ന് പരസ്യമായി പറഞ്ഞതോടെയാണ് നിർമാതാവും ഒരു സൂപ്പർതാരവും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല എന്ന ചർച്ചകൾക്ക് തുടക്കം കുറിച്ചത്. കടുത്ത വാക്കുകൾ പുറത്തുവന്നതിന് പിന്നാലെ ലിസ്റ്റിൻ നിലവിൽ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടെ നടൻമാരെ പറ്റിയായി സിനിമാ ആരാധകരുടെ അന്വേഷണം. ഇതേക്കുറിച്ച് സോഷ്യൽമീഡിയയിലും ചർച്ചകൾ സജീവമായി.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമിക്കുന്ന ബേബിഗേൾ എന്ന ചിത്രത്തെക്കുറിച്ചാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നിവിൻ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
കുഞ്ചാക്കോ ബോബനെ നായകനാക്കി ആദ്യം അനൗൺസ് ചെയ്ത ചിത്രത്തിൽ പിന്നീട് നിവിൻ പോളി ജോയിൻ ചെയ്യുകയായിരുന്നു. എന്നാൽ ഷൂട്ടിങ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ നിവിൻ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങിന് സമാന്തരമായി ചേർന്നതാണ് നിർമാതാവിനെയും ആ സിനിമയുടെ സംവിധാകനെയും ചൊടിപ്പിച്ചത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ നിവിൻപോളിയെ അൺഫോളോ കൂടി ചെയ്തതോടെ നിവിനെ ഉദ്ദേശിച്ചാണ് ലിസ്റ്റിൻ വെടിപൊട്ടിച്ചിരിക്കുന്നതെന്നാണ് സിനിമമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
”മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാൻ പറയുമ്പോൾ ആ നടൻ ഇത് കാണും. പക്ഷേ ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ പ്രശ്‌നങ്ങൾക്കും കാരണമാകും.” എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകൾ.
വിഷയത്തിൽ ലിസ്റ്റിനെ വിമർശിച്ചാണ് കൂടുതൽ ആളുകളും എത്തുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകൾ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലർ കുറിച്ചപ്പോൾ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചർച്ചകൾ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമൻറുകൾ.