
വിഴിഞ്ഞം തുറമുഖത്ത് നിയമനം: 67 ശതമാനവും കേരളത്തിൽ നിന്ന്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ 755 പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ. വിഴിഞ്ഞം തുറമുഖത്തിൽ നിലവിലുള്ള തൊഴിലാളികളിൽ ഏകദേശം 67% കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 57% തിരുവനന്തപുരം ജില്ലയിൽ നിന്നും, പ്രത്യേകിച്ച് 35% പ്രാദേശിക മേഖലയിൽ നിന്നുമാണെന്നും എം. വിൻസെന്റ് എംഎല്‍എ നിയമസഭ ചോദ്യത്തിന് മറുപടിയായി തുറമുഖ മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
മാനേജ്മെന്റ് സ്റ്റാഫ് – 94, ഓപറേഷൻ ടീം – 500, സെക്യൂരിറ്റി ടീം – 126, മറ്റുള്ളവ 35 എന്നിങ്ങനെ 755 പേർക്കാണ് തൊഴില്‍ നല്‍കിയിരിക്കുന്നത്. തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിൽ ആവശ്യമായ ജീവനക്കാർ ഏതാണ്ട് പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വലിയ സാമ്പത്തിക മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. നേരിട്ട് 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. അനുബന്ധ വ്യവസായങ്ങളായ ലോജിസ്റ്റിക്‌സ് പാർക്കുകൾ, വെയർഹൗസുകൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, ടൂറിസം എന്നിവയുടെ വളർച്ചയ്ക്കും ഇത് വഴിയൊരുക്കും.
സംസ്ഥാന സർക്കാരിന് നികുതി, ഫീസ് ഇനങ്ങളിൽ കാര്യമായ വരുമാന വർദ്ധനവുണ്ടാകും. എംഎസ്സിയുടെ ജേഡ് സർവീസ് പോലുള്ള പ്രധാന ഷിപ്പിംഗ് ലൈനുകൾ ഇതിനകം വിഴിഞ്ഞത്തെ അവരുടെ റൂട്ടിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. തുറമുഖത്തിന്റെ ദീർഘകാല വിജയം, ഈ അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു.