News

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; 2000 കോടി എടുത്തിട്ടും തികഞ്ഞില്ല

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 1000 കോടിയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം മെയ് 6 റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.

ശമ്പളവും പെൻഷനും മെയ് മാസം വിതരണം ചെയ്യാൻ ഏപ്രിൽ 29 ന് 2000 കോടി കേരളം കടം എടുത്തിരുന്നു. ഇത് തികയാതെ വന്നതോടെയാണ് 1000 കോടി കൂടി കടം എടുക്കുന്നത്. 45000 കോടിയാണ് ഈ വർഷം സർക്കാരിന് കടം എടുക്കാൻ സാധിക്കുക. കിഫ്ബിയുടേയും മറ്റ് വായ്പയുടേയും പേരിൽ കേന്ദ്രം കടമെടുപ്പ് തുക വെട്ടിക്കുറക്കുമോ എന്ന ആശങ്കയും സംസ്ഥാനത്തിനുണ്ട്.

29000 കോടിയുടെ വായ്പ കിഫ്ബി എടുത്തിട്ടുണ്ട്. 2024- 25 സാമ്പത്തിക വർഷം 37512 കോടിയായിരുന്നു കടമെടുപ്പ് പരിധിയെങ്കിലും 48864 കോടി രൂപ കേരളം കടം എടുത്തിരുന്നു. കേന്ദ്രം പല ഘട്ടങ്ങളിലാണ് കടമെടുപ്പ് തുക ഉയർത്തി കൊടുത്തിരുന്നു. കടമെടുത്ത് കൂട്ടിയതോടെ കേരളത്തിൻ്റെ കടബാധ്യത 6 ലക്ഷം കോടിയായി. സർക്കാരിൻ്റെ ധൂർത്ത് ആണ് കടം കുത്തനെ ഉയർന്നതിന്റെ പ്രധാന കാരണം. നാലാം വാർഷികത്തിന് 500 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.

കടം വാങ്ങുക , ധൂർത്തടിക്കുക എന്ന ശൈലിയിലാണ് കെ എൻ ബാലഗോപാലിൻ്റെ ധനകാര്യ ഭരണം.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ബജറ്റിൽ (2024-25) പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. അതോടൊപ്പം എല്ലാ വകുപ്പുകളും തങ്ങളുടെ സ്വന്തം നിലയ്ക്ക് ഫീസ് കുത്തനെ ഉയർത്താനും ധനവകുപ്പ് അനുമതി നൽകിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷ അവസാനം ട്രഷറി ക്യൂവിലേക്ക് മാറ്റിയ ബില്ലുകൾ ഇത്തവണത്തെ ബജറ്റ് വകയിരുത്തലിൽ നിന്ന് കൊടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. അത് കഴിഞ്ഞുള്ള തുകയ്ക്ക് മാത്രമേ ഇത്തവണത്തെ ബജറ്റ് വകയിരുത്തലിൽ നിന്ന് ഭരണാനുമതി നൽകാവൂ എന്ന കർശന നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തവണത്തെ പോലെ പദ്ധതി 50 ശതമാനം വെട്ടിക്കുറയ്ക്കുന്ന രീതിയിലേക്കാണ് ധനവകുപ്പിൻ്റെ സഞ്ചാരം എന്ന് വ്യക്തം.