News

വിഴിഞ്ഞം: നികുതി വരുമാനമായി സംസ്ഥാനത്തിന് ലഭിച്ച കോടികൾ അറിയാം

വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് നികുതി വരുമാനമായി സംസ്ഥാനത്തിന് 36 കോടി ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ. 2024 ജൂലൈ 11 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ തുറമുഖത്ത് അടുത്ത് തുടങ്ങിയതു മുതൽ 2025 ഫെബ്രുവരി 28 വരെ 189 കപ്പലുകൾ തുറമുഖത്ത് എത്തിച്ചേർന്നു.

ഏകദേശം 3,79, 627 TEU കണ്ടയ്നറുകൾ കൈകാര്യം ചെയ്ത വകയിൽ 200 കോടി രൂപ തുറമുഖ വരുമാനമായി കൺസഷയണർക്കും നികുതി ഇനത്തിൽ 36 കോടി രൂപ സംസ്ഥാന സർക്കാരിനും ലഭിച്ചുവെന്ന് മാർച്ച് 25 ന് നിയമസഭയിൽ നൽകിയ മറുപടിയിൽ വി.എൻ. വാസവൻ വ്യക്തമാക്കി.

തുറമുഖം മൂന്ന് ഘട്ടവും പൂർത്തികരിക്കുമ്പോൾ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൻ്റെ വിവരങ്ങൾ ലഭ്യമല്ലെന്നും വി.എൻ. വാസവൻ പറഞ്ഞു. സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും സാധാരണയായി തുക അനുവദിച്ച് നൽകാറില്ല.

പകരം മേജർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻ്റ് ഫണ്ടിൽ (MIDF) നിന്നും വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമുള്ള തുക ഓരോ ആറ് മാസം കൂടുതോറും ആവശ്യപ്പെടും. ഹൈപവേർഡ് കമ്മിറ്റി അത് പരിശോധിച്ച് തുക നൽകും. വർഷത്തിൽ രണ്ട് പ്രാവശ്യം ആണ് സർക്കാർ വിഴിഞ്ഞത്തിന് തുക അനുവദിക്കുന്നത് എന്നത് വ്യക്തം. എത്ര തുക 2025- 26 ൽ നീക്കി വച്ചെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.