Automobile

അരലക്ഷം കാറുകളെ തിരിച്ചുവിളിച്ച് സ്കോഡയും ഫോക്‌സ്‌വാഗണും; തകരാർ കണ്ടെത്തിയത് പിൻസീറ്റില്‍

ഇന്ത്യയിൽ 47,000-ൽ അധികം സ്കോഡ, ഫോക്‌സ്‌വാഗൺ കാറുകൾ പിൻസീറ്റ് ബെൽറ്റുകളിലെ തകരാറിനെ തുടർന്ന് തിരിച്ചുവിളിക്കുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.  

2024 മേയ് 24 നും 2025 ഏപ്രിൽ 1,നും ഇടയിൽ നിർമ്മിച്ച 25,722 സ്കോഡ മോഡലുകളും 21,513 ഫോക്സ്വാഗൺ മോഡലുകളുമാണ് തിരിച്ചുവിളിക്കുന്നത്. സ്കോഡയുടെ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നീ മോഡലുകളും ഫോക്‌സ്‌വാഗണിന്റെ വെർട്ടിസ്, ടൈഗൺ എന്നീ മോഡലുകളുമാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.

കമ്പനി അറിയിച്ചതനുസരിച്ച്, കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നീ മോഡലുകളുടെ പിൻസീറ്റ് ബെൽറ്റ് ബക്കിൾ ലാച്ച് പ്ലേറ്റിൽ തകരാറുണ്ട്. ഇതിനുപുറമെ, പിൻവശത്തെ സെന്റർ സീറ്റ്ബെൽറ്റ് അസംബ്ലിയുടെ വെബ്ബിംഗും പിൻ വലത് സീറ്റ്ബെൽറ്റിന്റെ ബക്കിളും തകരാറിലാകാൻ സാധ്യതയുണ്ട്.

സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ, തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ തിരിച്ചുവിളിക്കൽ സംബന്ധിച്ച് അറിയിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ വാഹന ഐഡന്റിഫിക്കേഷൻ നമ്പർ (VIN) കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകി വാഹനം തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. തകരാറുള്ള ഭാഗങ്ങൾ സൗജന്യമായി മാറ്റി നൽകും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി വാഹന ഉടമകൾ എത്രയും പെട്ടെന്ന് ഇതിനോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.