
സിഡിറ്റിലെ 250 ഓളം ജീവനക്കാരെ പിരിച്ചു വിട്ടു; പ്രതിഷേധവുമായി എ.ഐ.ടി.യു.സി
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ഫെസിലിറ്റി മാനേജ്‌മൻ്റ് വിഭാഗം കൈകാര്യം ചെയ്യുന്ന സിഡിറ്റ് ജീവനക്കാരെ സിഡിറ്റ് ഡയറക്ടർ പിരിച്ചു വിടുകയും പ്രൊജക്റ്റ് അവസാനിപ്പിക്കുന്നതായുള്ള ഉത്തരവ് ഇറക്കിയതിനെതിരെയും പ്രതിഷേധം.
മോട്ടോർ വാഹന വകുപ്പും സിഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെൻറ് സർവീസ് മൂന്നുവർഷ കരാർ 2021 ജനുവരി 31 ന് അവസാനിച്ചെങ്കിലും 08.02.2021 ലെ സർക്കാർ ഉത്തരവിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ നാലു വർഷത്തോളമായി താൽക്കാലികമായി സി-ഡിറ്റ് തുടർന്നും സേവനം നൽകി വരികയായിരുന്നു.
എന്നാൽ കഴിഞ്ഞ 5 മാസത്തിലധികമായി സി- ഡിറ്റ് നൽകുന്ന സേവനങ്ങൾക്കുള്ള പ്രതിഫലതുക മോട്ടോർ വാഹന വകുപ്പിൽ നിന്നും സി-ഡിറ്റിനു ലഭിക്കാതായി. പുതുക്കിയ കരാർ വ്യവസ്ഥകൾ അംഗീകരിച്ചു നൽകാതെയും പഴയ കരാർ പ്രകാരമുള്ള സാധനങ്ങളുടെ വിതരണത്തിന് 10% അധികതുക അനുവദിക്കാത്തതും അമിതമായി ഡൗൺ ടൈം പെനാൽറ്റി ഈടാക്കി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് കരാർ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സിഡിറ്റ് രജിസ്ട്രാർ പുറത്തിറക്കിയത്. ഇതോടെ ഏപ്രില്‍ 30 ഓടുകൂടി കരാർ ജീവനക്കാരുടെ കാലാവധി കഴിയുകയും അവരെ പിരിച്ചുവിടുകയും ചെയ്തിരിക്കുന്നത്.

ഇടതു പക്ഷ സർക്കാരിന്റെ പൊതു മേഖലയെ സംരക്ഷിക്കുക എന്ന നയത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് എ.ഐ.ടി.യു.സി വാർത്താകുറിപ്പിലൂടെ അറിയിച്ചു. മുഖ്യമന്ത്രി ചെയർമാൻ ആയ സിഡിറ്റിലെ 250 ഓളം വരുന്ന തൊഴിലാളികൾക്ക് മുൻകൂർ നോട്ടീസോ, പിരിച്ചു വിടലിന്റെ നടപടി ക്രമമോ പാലിക്കാതെ. ഏപ്രിൽ 30 നു വൈകുന്നേരം 4.45 മണി സമയത്ത് അന്നേദിവസം 5.00 മണിക്ക് ജോലിയിൽ നിന്നും വിടുതൽ ചെയ്യുന്നതായി ആണ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ വാര്ഷികാഘോഷങ്ങൾക്കിടയിലാണ് മുഖ്യമന്ത്രി ചെയർമാൻ ആയ സിഡിറ്റിലെ ഡയറക്ടറുടെ ഈ തൊഴിലാളി വിരുദ്ധവും, നിയമ വിരുദ്ധവുമായുള്ള പിരിച്ചു വിടൽ ഉത്തരവെന്നും ഇതിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എ.ഐ.ടി.യു.സി ചൂണ്ടിക്കാട്ടുന്നു.
പിരിച്ചുവിട്ട നടപടി പിൻവലിക്കുന്നതിനും ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് സിഡിറ്റ് എംപ്ലോ യീസ് ഫെഡറേഷൻ (AITUC) സംസ്‌ഥാന പ്രസിഡൻ്റ് കെ ജി ശിവാനന്ദനും, സെക്രട്ടറി സോളമൻ വെട്ടുകാടും ആവശ്യപ്പെട്ടു.