NewsSports

ഷൂട്ടിങ് ഇതിഹാസം പ്രൊഫ. സണ്ണി തോമസ് വിടവാങ്ങി, അഭിനവ് ബിന്ദ്രയുടെ പരിശീലകൻ

കോട്ടയം: ഷൂട്ടിങ് പരിശീലന രംഗത്തെ അതികായനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് (85) അന്തരിച്ചു. മുൻ ദേശീയ ഷൂട്ടിങ് ചാമ്പ്യൻ കൂടിയായിരുന്ന അദ്ദേഹം, ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. അദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ ഇന്ത്യൻ ഷൂട്ടിങ് ടീം നേടിയത് നൂറിലധികം അന്താരാഷ്ട്ര മെഡലുകളാണ്.

കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമത്തിൽ കാഥികൻ കെ.കെ. തോമസിൻ്റെയും മറിയ കുട്ടിയുടെയും മകനായി 1941-ൽ ജനിച്ച സണ്ണി തോമസ്, പ്രാഥമിക വിദ്യാഭ്യാസം കാളകെട്ടിയിലും ഈരാറ്റുപേട്ടയിലുമായി പൂർത്തിയാക്കി.

കോട്ടയം എംഡി സെമിനാരിയിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും, കോട്ടയം സിഎംഎസിൽ നിന്ന് ഫിസിക്സിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1964-ൽ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം തലവനായി നിയമിതനായ അദ്ദേഹം 1997-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.

ചെറുപ്പം മുതലേ ഷൂട്ടിങ്ങിൽ താല്പര്യമുണ്ടായിരുന്ന സണ്ണി തോമസ് 1965-ൽ നടന്ന സംസ്ഥാന ഷൂട്ടിങ് മത്സരത്തിൽ രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. 1970-ൽ അഹമ്മദാബാദിലെ വെപ്പൺ ട്രെയിനിങ് സ്കൂളിൽ ഷൂട്ടിങ് കോഴ്സിന് ചേർന്നു. പിന്നീട് ദേശീയ തലത്തിലും നിരവധി മത്സരങ്ങളിൽ അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു. 1976-ൽ ദേശീയ ചാമ്പ്യനായ അദ്ദേഹം 1993-ൽ ഇന്ത്യൻ ഷൂട്ടിങ് ടീമിൻ്റെ പരിശീലകനായി നിയമിതനായി.

ഇത് ഇന്ത്യൻ ഷൂട്ടിങ് ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായിരുന്നു. അദ്ദേഹത്തിൻ്റെ പരിശീലന മികവിൽ ഇന്ത്യ നാല് ഒളിമ്പിക് മെഡലുകൾ ഉൾപ്പെടെ (2004, 2008, 2012) എണ്ണമറ്റ അന്താരാഷ്ട്ര മെഡലുകൾ നേടി. ഷൂട്ടിങ് രംഗത്തെ മികച്ച പരിശീലകനുള്ള അംഗീകാരമായി 2001-ൽ രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു.

അദ്ദേഹം അധ്യാപകനായിരുന്ന ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ഇന്ന് (ഏപ്രിൽ 30, ബുധനാഴ്ച) വൈകുന്നേരം 3 മണി മുതൽ 5 വരെയും, ഉഴവൂരിലെ വസതിയിൽ നാളെ (മെയ് 1, വ്യാഴാഴ്ച) രാവിലെ 9 വരെയും ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി പൂക്കാടുപ്പടി റോഡിലെ തേവക്കൽ സെൻ്റ് മാർട്ടിൻ ഡീ പോറസ് പള്ളിയിൽ നടക്കും.