News

തൊഴിലിടത്തെ മാനസിക സമ്മർദ്ദം അതിജീവിക്കാൻ ജനകീയ ക്യാമ്പെയിനുമായി പ്രഫഷണൽസ് കോൺഗ്രസ്; സംസ്ഥാന തല ഉദ്ഘാടനം മെയ് ഒന്നിന്

തിരുവനന്തപുരം: പ്രഫഷണൽസ് കോൺഗ്രസ് കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഓഫീസ് വെൽനസ് ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് ഒന്നിന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. തൊഴിലിടത്തെ സമ്മർദ്ദം താങ്ങാൻ കഴിയാതെ അകാലത്തിൽ പൊലിഞ്ഞ അന്നാ സെബാസ്റ്റ്യന്റെ സ്മരണാർത്ഥമാണ് പബ്ലിക് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ പ്രചാരണപരിപാടിയിൽ ആൾഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ അംഗങ്ങൾ കേരളത്തിലെ പതിനാല് ജില്ലകളും സന്ദർശിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെയും, അവരുടെ കുടുംബാംഗങ്ങൾ, ആരോഗ്യവിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ യോഗങ്ങൾ വിളിച്ചുകൂട്ടും.

തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങൾ പ്രൊഫഷണലുകളുടെ മാനസിക ശാരീരികാരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നുവെന്നും അത് എങ്ങിനെ തരണം ചെയ്യാമെന്നതിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും വിവരങ്ങളും നിർദേശങ്ങളും ഇവരിൽ നിന്നും സ്വീകരിക്കുകയും ചെയ്യും. ഈ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് സുവ്യക്തമായ ഗൈഡ്ലൈൻ ഉണ്ടാക്കുകയും ചെയ്യും.

പ്രഫഷണൽസ് കോൺഗ്രസ് ദേശീയ ചെയർമാൻ പ്രവീൺ ചക്രവർത്തി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല മുഖ്യാഥിതി ആയിരിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് ഐ.എ.എസ്, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ജിടെക്ക് സെക്രട്ടറി വി. ശ്രീകുമാർ, ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. ശ്രീജിത്ത്കുമാർ, അനന്തപുരി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ആനന്ദ് മാർത്താണ്ഡപിള്ള, കെ.എസ്. ശബരിനാഥൻ, റെജിമോൻ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ അറിയിച്ചു.