
വെറുതെ ഒരു ചീഫ് സെക്രട്ടറി! ശാരദ കാലം ശോകം; ഇന്ന് പടിയിറങ്ങുന്നു
വെറുതെ ഒരു ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറി കസേരയിൽ നിന്ന് ഇന്ന് വിരമിക്കുന്ന ശാരദ മുരളീധരന്റെ കാലത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഭർത്താവ് ഡോ. വേണുവിന്റെ പിൻഗാമി ആയി 2024 സെപ്റ്റംബർ ഒന്നിനാണ് ശാരദ ചീഫ് സെക്രട്ടറി ആകുന്നത്. ഇരുവർക്കും ചീഫ് സെക്രട്ടറി കസേര മെഗാ ലോട്ടറി ആയിരുന്നു. ഡോ. കെ.എം. എബ്രഹാമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ സീനിയർ മോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥൻ മനോജ് ജോഷി കേരളത്തിലേക്ക് വരാൻ താൽപര്യം കാണിക്കാത്തതിനെ തുടർന്നാണ് ഇരുവരും ചീഫ് സെക്രട്ടറി ആയത്.
മനോജ് ജോഷി ചീഫ് സെക്രട്ടറി പദം ഏറ്റെടുത്തിരുന്നെങ്കിൽ വേണുവും ശാരദയും അഡീഷണൽ ചീഫ് സെക്രട്ടറി ആയി അടുത്തൂൺ പറ്റുമായിരുന്നു. മനോജ് ജോഷി മടങ്ങി വരാൻ താൽപര്യം പ്രകടപ്പിക്കാത്തതിനെ തുടർന്നാണ് ശാരദയുടെ പിൻഗാമി ജയതിലകിനും ചീഫ് സെക്രട്ടറി കസേര കടാക്ഷിച്ചത്. വയനാട് പാക്കേജ് തയാറാക്കുകയാണ് ആദ്യ ലക്ഷ്യമെന്നായിരുന്നു ശാരദയുടെ ആദ്യ പ്രതികരണം. കൂടാതെ കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും ശാരദ തുടക്കം തന്നെ വ്യക്തമാക്കിയിരുന്നു.
2024 ജൂലൈ 30 നാണ് വയനാട് ദുരന്തം ഉണ്ടായത്. വേണുവായിരുന്നു ചീഫ് സെക്രട്ടറി. വേണുവിന് പിന്നാലെ ശാരദയും ഇന്ന് വിരമിക്കുമ്പോൾ വയനാട് പുനരധിവാസ പ്രവർത്തനം മെല്ലെപ്പോക്കിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വയനാടിന് വേണ്ടി 747.56 കോടി ലഭിച്ചു. നാളിതുവരെ ചെലവഴിച്ചതാകട്ടെ 36.81 കോടിയും. പണം കിട്ടിയിട്ടും സർക്കാരിനെ ചലിപ്പിക്കേണ്ട ചീഫ് സെക്രട്ടറി ഒന്നും ചെയ്തില്ല എന്ന് അറിയാൻ ഈ കണക്കുകൾ തന്നെ ധാരാളം.
കാലാവസ്ഥ വ്യത്യയാനത്തെ കുറിച്ചും കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും പറയാതിരിക്കുകയാവും ഭേദം. ഈ രണ്ട് കാര്യത്തിലും ശാരദ തുടക്കത്തിലെ പറച്ചിലിന് അപ്പുറം ഒന്നും ചെയ്തില്ല. മതാടിസ്ഥാനത്തിൽ ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി ശാരദയുടെ ഔദ്യോഗിക ജീവിതത്തിലെ കറുത്ത അദ്ധ്യായമായി. അതേ സമയം പ്രശാന്ത് ഐ എ എസിനെ സസ്പെൻഷനിൽ നിർത്താനും ശാരദ ശ്രദ്ധിച്ചു.
ജയതിലകിനെതിരെയുള്ള തെളിവുകൾ മുഴുവൻ പ്രശാന്ത് ഹാജരാക്കിയിട്ടും ശാരദ മെല്ലെപ്പോക്ക് തുടർന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ ഒരുമിച്ച് നിർത്തേണ്ട ശാരദ ഒരു പക്ഷത്തിൻ്റെ മാത്രം ചീഫ് സെക്രട്ടറിയായി. തദ്ദേശ കമ്മീഷനിൽ ബി അശോകിനെ നിയമിക്കാനുള്ള ശാരദയുടെ നീക്കവും പാളി. ചട്ടങ്ങൾ പോലും മനസിലാക്കാതെ ശാരദ എടുത്ത് ചാടിയപ്പോൾ ഈസിയായി സ്റ്റേ വാങ്ങിച്ച് അശോക് ശാരദയെ വെറും ചീഫ് സെക്രട്ടറി ആക്കി.
ശാരദ ഇന്നിറങ്ങുമ്പോൾ ഭരണത്തിലെ ഉന്നതൻ നിറത്തിന്റെ പേരിൽ അപമാനിച്ചു എന്ന ശാരദയുടെ വെളിപ്പെടുത്തൽ അന്തരീക്ഷത്തിൽ ഇപ്പോഴും ശക്തമാണ്. ആ ഉന്നതന്റെ പേര് വെളിപ്പെടുത്താനുള്ള ധൈര്യവും ശാരദ കാണിച്ചില്ല. ആരെയൊക്കെയോ പേടിച്ച് വല്ലവിധേനയും ശാരദ ചീഫ് സെക്രട്ടറി കസേരയിൽ കാലം കഴിച്ചു എന്ന് വ്യക്തം.