News

പാക് വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമാതിർത്തി അടച്ചു

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് അവരുടെ വ്യോമാതിർത്തി നിഷേധിച്ചതിന് ആറ് ദിവസത്തിന് ശേഷം, പാകിസ്ഥാൻ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ട് ഇന്ത്യയുടെ തിരിച്ചടി.

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ച ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടയിലാണ് ഈ നീക്കം. ഇന്ത്യക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ വിമാനങ്ങള്‍ സ്വയമേ തന്നെ ഇന്ത്യൻ വ്യോമപാത ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇനിയവർക്ക് ഒരുകാരണവശാലും ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശനം ലഭിക്കുകയില്ല.

തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ള പാകിസ്താനിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇനി ഇന്ത്യയെ ചുറ്റി സഞ്ചരിക്കേണ്ടിവരും. ഇതിനകം തന്നെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പാകിസ്താൻ വിമാനക്കമ്പനികൾക്ക് ഇത് വലിയ ബാധ്യത വരുത്തിവയ്ക്കുകയും യാത്രാ സമയം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും.