News

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഗോവിന്ദച്ചാമി, കൂടത്തായ ജോളി കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ. ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനാണ്.

ശ്വാസതടസ്സത്തെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നില അതീവ ഗുരുതരമായിരുന്നു. തൃശ്ശൂർ എരുമപ്പെട്ടി സ്വദേശിയാണ്.  

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടിയും , കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്ക് വേണ്ടിയും , ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്ക് വേണ്ടിയും , ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വേണ്ടിയും ഹാജരായത് അഡ്വ. ആളൂരായിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടക്കത്തിൽ പൾസർ സുനിക്ക് വേണ്ടിയും അദ്ദേഹം ഹാജരായിരുന്നു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഇത്തരം കേസുകളിൽ പ്രതിഭാഗം ഏറ്റെടുത്തതിലൂടെ അദ്ദേഹം വലിയ മാധ്യമശ്രദ്ധ നേടുകയും അതേസമയം കടുത്ത വിമർശനങ്ങൾ നേരിടുകയും ചെയ്തിട്ടുണ്ട്.  

അടുത്തിടെ സാമ്പത്തിക ക്രമക്കേട് , സ്ത്രീകളോട് അപമര്യാദയായി പെരുമാറി , പോക്സോ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം നേരിട്ടിരുന്നു. പോക്സോ കേസിൽ അദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വേണ്ടി ഹാജരാകില്ലെന്നും കുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു.  

വിവാദപരമായ നിരവധി കേസുകളിലെ പ്രതിഭാഗം അഭിഭാഷകൻ എന്ന നിലയിൽ കേരളത്തിന്റെ നിയമചരിത്രത്തിൽ തന്റേതായ ഇടം നേടിയ വ്യക്തിയാണ് അഡ്വ. ബി.എ. ആളൂർ.