
കാനഡയിൽ മാർക് കാർണിക്ക് ഭരണത്തുടർച്ച; എൻഡിപിക്ക് കനത്ത തോൽവി
ഓട്ടവ: കാനഡയിലെ ജനപ്രതിനിധിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ച ലഭിക്കുമെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിബിസി, സിടിവി തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ ലിബറൽ പാർട്ടിയായിരിക്കും അടുത്ത സർക്കാർ രൂപീകരിക്കുക എന്ന് വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പോളിവെർ പരാജയം സമ്മതിക്കുകയും പ്രധാനമന്ത്രി മാർക് കാർണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതിൽ അഭിമാനമുണ്ടെന്നും 20 സീറ്റുകളിൽ മികച്ച നേട്ടം കൈവരിച്ചെന്നും 1988 ന് ശേഷം ഏറ്റവും ഉയർന്ന വോട്ട് വിഹിതം ലഭിച്ചെന്നും പോളിവെർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിങ് രാജി പ്രഖ്യാപിച്ചു. ബേർണബേ സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർത്ഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് പരാജയപ്പെട്ടത്. സിങ്ങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ ചാങ് 40 ശതമാനത്തിലധികം വോട്ട് നേടി. പ്രധാനമന്ത്രി കാർണിയെ ജഗ്മീത് സിങ് അഭിനന്ദിച്ചു.
“ന്യൂ ഡെമോക്രാറ്റിക്കിന് ഇത് നിരാശയുടെ ദിവസമാണ്. എന്നാൽ ഒരു നല്ല കാനഡയെക്കുറിച്ച് സ്വപ്നം കാണാൻ കഴിയില്ലെന്ന് വിശ്വസിക്കുമ്പോൾ മാത്രമാണ് നമ്മൾ പരാജയപ്പെടുന്നത്. കൂടുതൽ സീറ്റുകളിൽ എൻഡിപിക്ക് വിജയിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. പക്ഷേ നമ്മുടെ പ്രസ്ഥാനത്തെക്കുറിച്ച് ഓർത്ത് ഞാൻ നിരാശനല്ല. ഈ പാർട്ടിയിൽ എനിക്ക് പ്രതീക്ഷയുണ്ട്. ഭയത്തിനു മുകളിൽ നാം പ്രതീക്ഷയെ തിരഞ്ഞെടുക്കും. ഈ രാജ്യത്തെ നിർമ്മിച്ചത് ന്യൂ ഡെമോക്രാറ്റുകളാണ്. ഞങ്ങൾ എവിടെയും പോകുന്നില്ല,” – ജഗ്മീത് സിങ് എക്സിൽ കുറിച്ചു.
അതിനിടെ, മാർക് കാർണിയെ അഭിനന്ദിച്ച് യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. “കാനഡയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ലിബറൽ പാർട്ടിയെയും പ്രധാനമന്ത്രി മാർക് കാർണിയെയും അഭിനന്ദിക്കുന്നു. അമേരിക്കൻ ജനതയും കനേഡിയൻ പൗരന്മാരും പരസ്പരം പങ്കിടുന്ന അടിസ്ഥാന മൂല്യങ്ങളും താൽപ്പര്യങ്ങളും പിന്തുണയ്ക്കുന്നതിൽ മാർക്ക് ഒരു കരുത്തുറ്റ നേതാവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” – ജോ ബൈഡൻ എക്സിൽ കുറിച്ചു.
ലിബറൽ പാർട്ടി പരാജയപ്പെടുമെന്നും കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നുമായിരുന്നു തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടങ്ങളിലെ നിരീക്ഷണം. എന്നാൽ ഡൊണാൾഡ് ട്രംപ് വീണ്ടും യുഎസിൽ അധികാരത്തിൽ തിരിച്ചെത്തുകയും കാനഡയുടെ പരമാധികാരത്തെയും സമ്പദ്വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞു. ട്രംപിൻ്റെ തീവ്ര പ്രതികരണങ്ങൾ കനേഡിയൻ പൗരന്മാരെ പ്രകോപിപ്പിക്കുക മാത്രമല്ല, ട്രംപുമായുള്ള സാമ്യം കൺസർവേറ്റീവ് പാർട്ടിയെയും അവരുടെ നേതാവ് പിയറി പോളിവെറിനെയും പ്രതിരോധത്തിലാക്കുകയും ചെയ്തു.