News

വാക്സിൻ എടുത്തിട്ടും പേവിഷബാധ; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു. മലപ്പുറം സ്വദേശിയായ സിയയുടെ മരണം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥിരീകരിച്ചത്. പ്രതിരോധ വാക്സിൻ നൽകിയിട്ടും കുട്ടിക്ക് പേവിഷബാധ ഏൽക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിൻ്റെ മകൾ സിയയെ വീടിനടുത്തുള്ള കടയിൽ പോയി മടങ്ങിവരുന്നതിനിടെ തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റത് കുട്ടിയുടെ തലയിലും കാലിലുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റിരുന്നു. അന്ന് മറ്റ് അഞ്ചുപേരെയും ഈ നായ കടിച്ചിരുന്നു. സംഭവത്തിന് ശേഷം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ വാക്സിൻ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സിൻ ഫലിക്കാതിരുന്നത് എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കുട്ടിക്ക് ഐഡിആർവി വാക്സിനും ഇമ്മ്യൂണോ ഗ്ലോബിനും നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പേവിഷബാധ വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. തലയിൽ കടിയേറ്റതിനാലാണ് നൽകിയ വാക്സിൻ ഫലിക്കാതെ പോയതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. കുട്ടിക്ക് വീണ്ടും പേവിഷബാധ സ്ഥിരീകരിച്ചതോടെ അന്ന് നായയുടെ കടിയേറ്റ മറ്റുള്ളവരും ആശങ്കയിലാണ്. നായയുടെ കടിയേറ്റ മറ്റ് ആളുകളുടെ രക്തസാമ്പിളുകൾ കൂടി ശേഖരിച്ച് അവരുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.