
വേടന്റെ കഴുത്തിൽ പുലിനഖം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും
പ്രമുഖ റാപ്പർ ഹിരൺ ദാസ് മുരളിയുടെ (വേടൻ) കഴുത്തിലെ മാലയിൽ നിന്ന് കണ്ടെത്തിയത് യഥാർത്ഥ പുലിനഖമാണെന്ന് സ്ഥിരീകരിച്ചു. ഇത് തായ്ലൻഡിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടൻ പോലീസിന് നൽകിയിട്ടുള്ള മൊഴി. ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വേടൻ ധരിച്ചിരുന്ന മാലയിൽ നിന്ന് പുലിനഖം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വേടനെതിരെ വനംവകുപ്പും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യും.
കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ് ഇന്ത്യയിൽ. ഇത് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനിൽക്കും. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച വേടൻ തനിക്ക് പറയാനുള്ളത് പിന്നെ പറയാമെന്ന് പ്രതികരിച്ചു.
വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. കണ്ടെടുത്തത് പുലിയുടെ പല്ല് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനായി കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലേക്ക് എത്തിയാണ് പരിശോധന നടത്തിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് എറണാകുളം ഹിൽ പാലസ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് കണ്ടെത്തിയ സംഭവം പുറത്തുവരുന്നത്.
ഞായറാഴ്ച രാത്രിയാണ് സംഗീത പരിപാടി കഴിഞ്ഞ് വേടനും അദ്ദേഹത്തിന്റെ മ്യൂസിക് ബാൻഡിലെ മറ്റ് ഒമ്പത് അംഗങ്ങളും കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയത്. ഇവർ ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മുറിയിലെ മേശയിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനുപുറമെ 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ പണം സംഗീത പരിപാടിക്ക് ലഭിച്ച പ്രതിഫലമാണെന്നാണ് വേടന്റെ മൊഴി. ഇതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.