InternationalNews

പാകിസ്താന് പിന്തുണയുമായി ചൈന രംഗത്ത്; സൈനിക നീക്കത്തിന് തയ്യാറെടുത്ത് ഇന്ത്യ

ന്യൂഡൽഹി: ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങവെ, പുതിയ നീക്കവുമായി ചൈന രംഗത്തെത്തി. ഭീകരാക്രമണത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭീകരവാദത്തിനെതിരായ പാകിസ്താന്റെ നീക്കങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യ വാഗ-അട്ടാരി അതിർത്തി അടയ്ക്കുകയും സാർക് വിസ ഇളവുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, സൈനികപരമായ നീക്കങ്ങൾ ഉണ്ടായേക്കുമെന്ന ശക്തമായ സൂചനകൾക്കിടെയാണ് ചൈന പാകിസ്താന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയത്.

അതേസമയം, ഭീകരാക്രമണത്തിന് തിരിച്ചടിയായി സ്വീകരിച്ച കടുത്ത നയതന്ത്ര നടപടികൾക്ക് പിന്നാലെ സൈനിക നടപടിക്കുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈനികപരമായ തിരിച്ചടിയുണ്ടാകുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും മുതിർന്ന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏത് തരത്തിലുള്ള ആക്രമണമാണ് നടത്തേണ്ടത് എന്ന കാര്യത്തിലാണ് നിലവിൽ ചർച്ചകൾ നടക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2019 മുതൽ സൈനിക സന്നാഹങ്ങളും ആയുധങ്ങളും ആധുനികവത്കരിക്കുന്ന നടപടികളിലായിരുന്നെന്നും രാജ്യത്തിനകത്ത് നിന്ന് തന്നെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും ഉന്നത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

സൈനിക നടപടിയുണ്ടാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഞായറാഴ്ച രാജ്യതലസ്ഥാനത്ത് നിർണായകമായ കൂടിക്കാഴ്ചകൾ നടന്നു. സംയുക്ത സൈനിക മേധാവി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രിയുമായും ചർച്ച നടത്തി.

പാകിസ്താനോട് ചേർന്നുകിടക്കുന്ന പഞ്ചാബിലെ അതിർത്തി പ്രദേശങ്ങളിൽ 48 മണിക്കൂറിനകം കൊയ്ത്ത് പൂർത്തിയാക്കി വയലുകൾlds കാലിയാക്കാൻ അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.) നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. തരൺ തരണ്‍, ഫിറോസ്പൂർ, ഫസീൽക്ക ജില്ലകളിലെ കർഷകർക്കാണ് ഇത്തരമൊരു നിർദ്ദേശം ലഭിച്ചതായി പറയുന്നത്. എന്നാൽ, ബി.എസ്.എഫ്. ഇത് നിഷേധിച്ചു. അതേസമയം, അതിർത്തി ഭാഗത്തേക്കുള്ള ഗേറ്റുകൾ ഉടൻ അടയ്ക്കുമെന്നും ബി.എസ്.എഫ്. വ്യക്തമാക്കിയിട്ടുണ്ട്.