Cinema

മക്കൾ തീവ്രവാദികളാകുമെന്നുവരെ ആക്ഷേപിച്ചു: പ്രിയാമണി

2017 ലാണ് നടി പ്രിയമണിയും മുസ്തഫ രാജും വിവാഹിതരായത്. ബെംഗളൂരുവിൽ നടന്ന ഒരു ഐപിഎൽ മത്സരത്തിൽ കണ്ടുമുട്ടി ഇരുവരും സുഹൃത്തുക്കളാകുകയും ആ സൗഹൃദം പിന്നീട് പ്രണയമായി വളർന്ന് ഒടുവില്‍ വിവാഹത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ തന്‍റെ വിവാഹത്തിന് ശേഷം നേരിട്ട കടുത്ത സൈബര്‍ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയമണി.

തനിക്കും മുസ്തഫ രാജിനും ഉണ്ടാകുന്ന കുട്ടികൾ “തീവ്രവാദികൾ” ആകുമെന്നുവരെ ചിലര്‍ അധിക്ഷേപിച്ചെന്ന് പ്രിയമണി പറയുന്നു. വിവാഹം പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച ഈ വിദ്വേഷ പ്രചാരണം വിവാഹത്തിന് ശേഷവും തുടര്‍ന്നുവെന്ന് നടി പറയുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്‍റെ മത വിശ്വസത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ഈ സൈബര്‍ ആക്രമണം തുടരുന്നുവെന്ന് പ്രിയമണി പറഞ്ഞു.

ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിവാഹ പ്രഖ്യാപനത്തെത്തുടർന്ന് തനിക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഫെയ്‌സ്ബുക്കിൽ വിവാഹനിശ്ചയം പ്രഖ്യാപിച്ചുകൊണ്ട് കുടുംബത്തിന്‍റെ സമ്മതത്തോടെ ഒന്നിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചു . വളരെ സന്തോഷത്തോടെയാണ് ആ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പിന്നാലെ വെറുപ്പ് മാത്രം നിറഞ്ഞ കമന്‍റുകളാണ് കിട്ടിയത്. “ജിഹാദി, മുസ്ലീം, നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകാൻ പോകുന്നു” എന്ന് ആളുകൾ എനിക്ക് സന്ദേശമയയ്‌ക്കുകയായിരുന്നു.”

ഇത് തന്നെ ശരിക്കും തളര്‍ത്തിയെന്ന് താരം പറഞ്ഞു. ‘നിരാശാജനകമായിരുന്നു ഈ പ്രതികരണം’. എന്തിനാണ് ഇന്‍റര്‍ റിലീജയന്‍ കപ്പിള്‍സായ ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ? ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുൻനിര താരങ്ങളുണ്ട്. അവർ ഒരു മതത്തെ മാത്രം ഉൾക്കൊള്ളുകയോ സ്വീകരിക്കുകയോ ചെയ്യണമെന്നില്ല. അവർ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇത്തരം ഒരു കാര്യത്തില്‍ ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല ” പ്രിയമണി കൂട്ടിച്ചേർത്തു.

ഈദ് ദിനത്തില്‍ താന്‍ ആശംസകള്‍ നേര്‍ന്ന് ഒരു ഫോട്ടോ പോസ്റ്റിട്ടു പിന്നാലെ ഞാന്‍ ഇസ്ലാമായി എന്ന് പ്രചാരണം തുടങ്ങി. “ഞാൻ മതം മാറിയോ എന്ന് അവര്‍ക്ക് എങ്ങനെ അറിയാം? ഞാൻ ജനിച്ചത് ഹിന്ദുവായാണ്, എപ്പോഴും ഞാന്‍ ആ വിശ്വാസത്തെ പിന്തുടരും, ഞങ്ങള്‍ പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കുന്നു, പ്രിയമണി വ്യക്തമാക്കി.

ഈദിന് പോസ്റ്റിട്ടപ്പോള്‍ ഞാൻ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ചെയ്യാത്തതെന്നാണ് ചില ആളുകൾ ചോദിച്ചത്. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഇനി ഇതൊന്നും എന്നെ ബാധിക്കില്ല. അത്തരം നെഗറ്റിവിറ്റിയില്‍ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്” നടി പറഞ്ഞു.

പ്രിയമണി അടുത്തതായി വിജയ് നായകനായി എത്തുന്ന ദളപതി 69 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ വേഷത്തിലാണ് പ്രിയമണി എത്തുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ചിത്രത്തിന്‍റെ ചെന്നൈയില്‍ നടന്ന പൂജയില്‍ പ്രിയമണി പങ്കെടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *