CinemaNews

കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങി

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ ആലപ്പുഴ എക്സൈസ് ഓഫീസിൽ തുടങ്ങി. രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു മൂവർക്കും നിർദേശം നൽകിയിരുന്നതെങ്കിലും, ഷൈൻ ടോം ചാക്കോ 7.35 നും ശ്രീനാഥ്‌ ഭാസി 8.10 നും സൗമ്യ 8.30 നും എക്സൈസ് ഓഫീസിലെത്തി. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും ഹാജരായത്. മൂന്ന് പേരെയും പ്രത്യേകം പ്രത്യേകം ആയിരിക്കും ചോദ്യം ചെയ്യുക.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു തസ്ലിമ എക്സൈസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ മടക്കി അയക്കണമെന്നും ഷൈൻ ടോം ചാക്കോ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിലെത്തിയത്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി ഹാജരായത്. കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും.

തസ്ലിമ തന്റെ സുഹൃത്താണെന്നും എന്നാൽ ലഹരി ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മോഡൽ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണുള്ളതെന്നും കൊച്ചിയിൽ വെച്ചാണ് അറിയുന്നതെന്നും സൗമ്യ പറഞ്ഞു. ശ്രീനാഥ്‌ ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ വ്യക്തമാക്കി.

എല്ലാകാര്യങ്ങളും വിശദമായി ചോദിച്ചറിയുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ്. അശോക് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ എത്ര സമയം എടുക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും, ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ മൂവരെയും വിട്ടയക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ വിട്ടയക്കണമെന്ന ഷൈൻ ടോം ചാക്കോയുടെ ആവശ്യം നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്നുപേരെയും ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇതിന് ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.

തസ്ലിമയുടെ മൊഴിക്ക് പിന്നാലെ എക്സൈസ് അവരുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവരും നടൻമാരും തമ്മിൽ വാട്ട്സ്ആപ്പ് കോളുകൾ നടത്തിയതായും ശ്രീനാഥ് ഭാസിയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതായും കണ്ടെത്തിയിരുന്നു. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലിൽ നിർണായകമാകും.