
മനോജ് എബ്രഹാമിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം: നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കുന്ന ഒഴിവിലാണ് ഈ സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇതോടെ മനോജ് എബ്രഹാം ഫയർഫോഴ്സ് മേധാവിയായി ചുമതലയേൽക്കാനാണ് സാധ്യത. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം, ഇൻ്റലിജൻസ് മേധാവി, വിജിലൻസ് ഡയറക്ടർ, പൊലീസ് ആസ്ഥാനത്തെ എഡിജിപി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയും ഏഴ് വർഷം സർവീസ് ബാക്കിയുണ്ട്.
മനോജ് എബ്രഹാം സ്ഥാനക്കയറ്റം നേടി പോകുമ്പോൾ, ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക തൽക്കാലം ഒഴിച്ചിടാൻ സർക്കാർ ആലോചിക്കുന്നുണ്ട്. റേഞ്ച് ഐജിമാർ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്ന പഴയ രീതിയിലേക്ക് മടങ്ങാനാണ് സാധ്യത. ക്രമസമാധാന ചുമതലയിലേക്ക് പരിഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിലവിൽ വഹിക്കുന്ന സ്ഥാനങ്ങളിൽ പകരം നിയമിക്കാൻ തത്തുല്യ റാങ്കിലുള്ള എഡിജിപിമാർ കുറവാണെന്നതാണ് ഇതിന് കാരണം.
പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്ത്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരെയാണ് ക്രമസമാധാന ചുമതലയിലേക്ക് പരിഗണിക്കുന്നത്. എന്നാൽ ഇവരിൽ ഒരാളെ നിയമിച്ചാൽ, അവർ വഹിക്കുന്ന തസ്തികയിൽ പകരക്കാരനെ കണ്ടെത്തേണ്ടിവരും. ഇതിനായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ദിനേന്ദ്ര കശ്യപ് ഓഗസ്റ്റിൽ തിരിച്ചെത്തേണ്ടതുണ്ട്. മറ്റ് എഡിജിപിമാരെല്ലാം പ്രധാന തസ്തികകളിലാണ്. എം.ആർ. അജിത്കുമാർ ക്രമസമാധാന ചുമതലയിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ല.
അതേസമയം, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ജൂൺ 30-ന് വിരമിക്കുമ്പോൾ അജിത്കുമാറിന് ഡിജിപി ഗ്രേഡ് ലഭിക്കും. പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികളും സജീവമായി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ ചരടുവലികൾ ആരംഭിച്ചു. ഐബി സ്പെഷ്യൽ ഡയറക്ടർ റാവഡാ ചന്ദ്രശേഖർ അപേക്ഷ നൽകിയിട്ടുണ്ട്. കേന്ദ്ര സർവീസിൽ നിന്ന് നിതിൻ അഗർവാളും തിരിച്ചെത്തിയിട്ടുണ്ട്. ആറുപേരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ മെയ് ആദ്യവാരം കേന്ദ്രത്തിന് അയക്കുക. സീനിയോറിറ്റി പരിഗണിച്ച് നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകൾ കേന്ദ്രം ശുപാർശ ചെയ്യാനാണ് സാധ്യത.