CinemaNews

എ.ആർ. റഹ്മാന്റെ ‘വീര രാജ വീര’ ഗാനം കോപ്പിയടിയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്മാനും നിർമ്മാണക്കമ്പനിയായ മദ്രാസ് ടാക്കീസിനുമെതിരെ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 2023-ൽ പുറത്തിറങ്ങിയ ‘പൊന്നിയിൻ സെൽവൻ 2’ എന്ന തമിഴ് ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനം പകർപ്പവകാശം ലംഘിച്ചെന്ന കേസിലാണ് നടപടി. പത്മശ്രീ ജേതാവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനുമായ ഫയാസ് വാസിഫുദ്ദീൻ ദാഗർ നൽകിയ ഹർജിയിലാണ് കോടതിയുടെ കണ്ടെത്തൽ.  

തന്റെ പിതാവ് നാസിർ ഫയാസുദ്ദീൻ ദാഗറും പിതൃസഹോദരൻ സഹീറുദ്ദീൻ ദാഗറും (ജൂനിയർ ദാഗർ സഹോദരന്മാർ) ചിട്ടപ്പെടുത്തിയ ‘ശിവ സ്തുതി’ എന്ന രചനയുടെ പകർപ്പാണ് ‘വീര രാജ വീര’ എന്ന ഗാനമെന്നാണ് ഫയാസ് വാസിഫുദ്ദീൻ ദാഗർ ആരോപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം സിംഗ്, ‘വീര രാജ വീര’ വെറുമൊരു പ്രചോദനമല്ലെന്നും ‘ശിവ സ്തുതി’യുമായി “ചില മാറ്റങ്ങളോടെ തനിപ്പകർപ്പ്” ആണെന്നും പ്രാഥമികമായി കണ്ടെത്തി.  

ഇതിന്റെ അടിസ്ഥാനത്തിൽ, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ 2 കോടി രൂപ കോടതി രജിസ്ട്രിയിൽ കെട്ടിവെക്കാൻ എ.ആർ. റഹ്മാനോടും മദ്രാസ് ടാക്കീസിനോടും കോടതി നിർദ്ദേശിച്ചു. കൂടാതെ, 2 ലക്ഷം രൂപ കോടതിച്ചെലവായി ഹർജിക്കാരന് നൽകാനും ഉത്തരവിട്ടു.

എല്ലാ ഒ.ടി.ടി, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഗാനത്തിന്റെ കടപ്പാട് “അന്തരിച്ച ഉസ്താദ് എൻ ഫയാസുദ്ദീൻ ദാഗറിൻ്റെയും അന്തരിച്ച ഉസ്താദ് സഹീറുദ്ദീൻ ദാഗറിൻ്റെയും ശിവ സ്തുതിയെ അടിസ്ഥാനമാക്കിയുള്ള രചന” എന്ന് തിരുത്തി നൽകണമെന്നും കോടതി നിർബന്ധമായും നിർദ്ദേശിച്ചു.  

അതേസമയം, പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്നും ‘ശിവ സ്തുതി’ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ധ്രുപദ് ശാഖയിൽ പെടുന്നതാണെന്നും അത് പൊതുസഞ്ചയത്തിന്റെ ഭാഗമാണെന്നും റഹ്മാനും മദ്രാസ് ടാക്കീസും വാദിച്ചു