
ബിജു പ്രഭാകർ ദക്ഷിണമേഖല ഊർജ സമിതി അദ്ധ്യക്ഷൻ
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ വൈദ്യുത ഗ്രിഡിന്റെ സുഗമവും സുസ്ഥിരവുമായ പ്രവർത്തനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ദക്ഷിണമേഖലാ ഊർജസമിതി അദ്ധ്യക്ഷനായി കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിനെ തിരഞ്ഞെടുത്തു.
ആന്ധ്രാപ്രദേശ്, കേരളം, കർണാടകം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുൾപ്പെടുന്നതാണ് സതേൺ റീജിയൻ പവർ കമ്മിറ്റി. ഈ സംസ്ഥാനങ്ങളിൽ വൈദ്യുതി ബോർഡ് മേധാവികളാണ് ഈ പദവി വഹിക്കുന്നത്. ഈമാസം 30ന് ഐഐഎസിൽ നിന്ന് ബിജു പ്രഭാകർ വിരമിക്കും. വൈദ്യുതി ബോർഡ് ചെയർമാനായി അദ്ദേഹം തുടരുമോ എന്നത് സർക്കാർ തീരുമാനിക്കും.
അതേസമയം, വിരമിക്കുന്ന ബിജു പ്രഭാകറിന് പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. അടിസ്ഥാന പെൻഷൻ 1,09,100 രൂപയാണ്. ഇതിനോടൊപ്പം 55 ശതമാനം ക്ഷാമ ആശ്വാസം, മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ബിജു പ്രഭാകറിന് പ്രതിമാസം പെൻഷനായി ഏകദേശം രണ്ട് ലക്ഷം രൂപയോളം ലഭിക്കും. പെൻഷൻ കമ്മ്യൂട്ടേഷനായി 42.91 ലക്ഷം രൂപയും ഗ്രാറ്റുവിറ്റിയായി 25 ലക്ഷം രൂപയും ബിജു പ്രഭാകറിന് ലഭിക്കും.