
ഇന്ത്യൻ കരസേന മൂന്നാമത് ധനുഷ് റെജിമെന്റ് രൂപീകരണം ആരംഭിച്ചു; തദ്ദേശീയ പീരങ്കി കരുത്തിൽ അതിർത്തികൾ ഭദ്രമാകും
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്ത് തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ കരുത്ത് വിളിച്ചോതി ഇന്ത്യൻ കരസേന. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ‘ധനുഷ്’ പീരങ്കികളുടെ മൂന്നാമത് റെജിമെന്റിന്റെ രൂപീകരണത്തിന് കരസേന തുടക്കം കുറിച്ചു. അതിർത്തികളിൽ സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.
ആകെ 114 ധനുഷ് പീരങ്കികൾ ഉൾപ്പെടുന്ന ആറ് റെജിമെന്റുകൾ കരസേനയുടെ ഭാഗമാക്കാനാണ് പദ്ധതി. ഇതിനോടകം രണ്ട് റെജിമെന്റുകൾ പൂർണ്ണസജ്ജമായി പ്രവർത്തനക്ഷമമായിട്ടുണ്ട്. “രണ്ടാമത്തെ റെജിമെന്റിന്റെ രൂപീകരണം പൂർത്തിയാക്കി, മൂന്നാമത്തെ യൂണിറ്റിനായുള്ള ഏതാനും പീരങ്കികൾ ഞങ്ങൾക്ക് ലഭിച്ചുതുടങ്ങി,” എന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
മുൻപ് ഓർഡനൻസ് ഫാക്ടറി ബോർഡിന്റെ (OFB) ഭാഗമായിരുന്ന അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (AWEIL) ആണ് രാജ്യത്തെ ആദ്യ തദ്ദേശീയ പീരങ്കിയായ ധനുഷ് നിർമ്മിക്കുന്നത്. ഒരു റെജിമെന്റിൽ 18 പീരങ്കികളാണ് ഉൾപ്പെടുന്നത്. ഒന്നിന് ഏകദേശം 14 കോടി രൂപയാണ് നിർമ്മാണച്ചെലവ്.
ലക്ഷ്യം പൂർത്തിയാക്കാൻ വെല്ലുവിളികൾ
2026 മാർച്ചിനകം 114 പീരങ്കികളും സേനയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിർമ്മാണത്തിലെയും കൈമാറ്റത്തിലെയും വേഗത കുറവ് ലക്ഷ്യം പൂർത്തിയാക്കുന്നതിന് വെല്ലുവിളിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. 2019 ഏപ്രിലിലാണ് ആദ്യ ധനുഷ് പീരങ്കി കരസേനയ്ക്ക് കൈമാറിയത്.

നിലവിലെ നിർമ്മാണ വേഗത അനുസരിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ പീരങ്കികളും കൈമാറാൻ സാധ്യതയില്ലെന്ന് ഉന്നത സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, താൽക്കാലികമായ കാലതാമസങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഴുവൻ പീരങ്കികളും സേനയുടെ ഭാഗമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
80% തദ്ദേശീയ ഘടകങ്ങളോടെയാണ് ധനുഷ് നിർമ്മിച്ചിരിക്കുന്നത്. ഇത് അറ്റകുറ്റപ്പണികൾക്കും സ്പെയർ പാർട്സുകളുടെ ലഭ്യതയ്ക്കും വലിയ മുതൽക്കൂട്ടാണ്. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും രാവും പകലും ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാനും ധനുഷിന് കഴിയും. ബോഫോഴ്സ് പീരങ്കികളുടെ നവീകരിച്ച പതിപ്പായ ധനുഷ്, ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ അഭിമാന പദ്ധതികളിലൊന്നാണ്.