NationalNews

ലഷ്കർ ഭീകരനെ വധിച്ച് ഇന്ത്യ; കൊല്ലപ്പെട്ടത് അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്

ജമ്മുകശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷകർ ഇ തയ്ബ കമാൻഡർ അൽത്താഫ് ലല്ലി കൊല്ലപ്പെട്ടു. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

വെള്ളിയാഴ്ച രാവിലെ, ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, ബന്ദിപ്പോരയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്ത തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

സുരക്ഷാ സേന പിന്തുടരുന്ന ഭീകരരിൽ ഒരാൾക്ക് വെടിവയ്പിൽ പരിക്കേറ്റതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതേ ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും – ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ വ്യക്തിഗത സുരക്ഷാ ടീമിലെ രണ്ട് പേർക്കും പരിക്കേറ്റു.

ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്കർ കമാൻഡറെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ സ്‍പഷൽ ഫോഴ്സിൽ ഉൾപ്പെട്ട സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയാണു വീണ്ടും ഏറ്റമുട്ടൽ നടന്നിരിക്കുന്നത്. 26 പേരുടെ ജീവനെടുത്ത ഏപ്രിൽ 22ലെ പഹൽഗാ‌ം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണു പലയിടങ്ങളിലായി ഏറ്റമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തി, ബന്ദിപ്പോരയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനെക്കുറിച്ച് വിവരിച്ചു. സ്ഥിതിഗതികളുടെ സമഗ്രമായ സുരക്ഷാ അവലോകനം നടത്താനും പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന ലഷ്‌കർ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ പുരോഗതി വിലയിരുത്താനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.