
ഐസക്കിന്റെ നിയമനവും എബ്രഹാമിന്റെ ക്യാബിനറ്റ് പദവിയും ഇല്ലാത്ത വകുപ്പിൽ
ഇല്ലാത്ത ഡിപ്പാർട്ട്മെന്റിന്റെ പേരിൽ ക്യാബിനറ്റ് പദവിയും എക്സ് ഒഫീഷ്യോ സെക്രട്ടറി പദവിയും ഒരുമിച്ച് വഹിച്ച് കെ.എം. എബ്രഹാം
വിജ്ഞാന കേരള പദ്ധതിയുടെ ഉപദേശകനായി മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ നിയമിച്ചത് ഇല്ലാത്ത വകുപ്പിലാണെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. അതുപോലെ തന്നെ ഇല്ലാത്ത വകുപ്പിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ക്യാബിനറ്റ് പദവിയും എക്സ് ഒഫീഷ്യോ സെക്രട്ടറി പദവിയും ഒരുമിച്ചു വഹിച്ചുവെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവിന് മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ ഉദ്യോഗസ്ഥൻ ഇല്ലാത്ത വകുപ്പിന്റെ പേരിൽ നിയമനം നൽകുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന ഖജനാവിന് മാസം ലക്ഷങ്ങൾ ബാധ്യതയാകുന്ന തീരുമാനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് അമിക്കസ് ക്യൂറി അഞ്ജലി മേനോൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട്. ഇല്ലാത്ത ഡിപ്പാർട്ട്മെന്റിന്റെ പേരിൽ ക്യാബിനറ്റ് പദവിയും എക്സ് ഒഫീഷ്യോ സെക്രട്ടറി പദവിയും ഒരുമിച്ച് വഹിച്ചുവെന്നാണ് കണ്ടെത്തല്‍. മുൻ ചീഫ് സെക്രട്ടറിയും നിലവിൽ കെ-ഡിസ്ക് (കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളുമായ എബ്രഹാമിന്റെ പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ അധികാര ദുർവിനിയോഗവും അഴിമതിക്ക് വഴിവെക്കുന്ന ഗുരുതര ക്രമക്കേടുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
കണ്ടെത്തലുകള്‍ ഇങ്ങനെ:
- കള്ളപ്പേരിൽ നിയമവിരുദ്ധമായി സർക്കാർ അധികാരം കൈക്കലാക്കി:
•“എക്സ്-ഒഫീഷ്യോ സെക്രട്ടറി” എന്ന പേരിൽ നിയമപരമായി നിലവിലില്ലാത്ത ഒരു പദവി സ്വയം ചൂടി
•ഒരു സാധാരണ സൊസൈറ്റിയുടെ ആഭ്യന്തര ചട്ടങ്ങൾ മാത്രം ഉപയോഗിച്ച് സർക്കാറിന്റെ ഉന്നത അധികാര സ്ഥാനം കൈക്കലാക്കി
•മന്ത്രിസഭയുടെ അംഗീകാരമോ സർക്കാർ വിജ്ഞാപനമോ ഇല്ലാതെ കോടികളുടെ സാമ്പത്തിക തീരുമാനങ്ങളെടുത്തു - വൻ താൽപ്പര്യ സംഘർഷവും സ്വജനപക്ഷപാതവും:
•ഡോ. തോമസ് ഐസക്കിനെ ഉപദേശകനായി നിയമിക്കുന്ന സർക്കാർ ഉത്തരവിൽ (അനുബന്ധം II) എക്സ്-ഒഫീഷ്യോ സെക്രട്ടറി എന്ന വ്യാജ പദവിയിൽ കെ.എം. എബ്രഹാം തന്നെയാണ് ഒപ്പുവെച്ചത്
•സംസ്ഥാന ഖജനാവിൽ നിന്ന് ലക്ഷങ്ങൾ വാരിയെടുക്കുന്ന ഉത്തരവുകൾ സ്വന്തം ഇഷ്ടപ്രകാരം പുറപ്പെടുവിച്ചു - ഭരണഘടനാ വിരുദ്ധ നടപടികളുടെ ഞെട്ടിക്കുന്ന നിര:
•സർക്കാർ വ്യവസ്ഥയെ കബളിപ്പിച്ച് ഭരണഘടനയുടെ 166-ാം അനുച്ഛേദം തികച്ചും അവഗണിച്ചു
•“പ്ലാനിംഗ് ആൻഡ് എക്കണോമിക് അഫയേഴ്സ് (ഡവലപ്മെന്റ് & ഇന്നവേഷൻ)” എന്ന കെട്ടുകഥാ വകുപ്പിന്റെ പേരിൽ നിയമവിരുദ്ധമായി ഉത്തരവുകൾ പുറപ്പെടുവിച്ചു
•ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി സ്വയം അധികാരം കൈക്കലാക്കി
നിയമപരമായ അനന്തരഫലങ്ങൾ:
1.ഭരണഘടനാ നിയമങ്ങളുടെ ലംഘനം:
•ഭരണഘടനയുടെ 166-ാം അനുച്ഛേദം പാലിക്കപ്പെട്ടില്ലെന്നതിനാൽ, കെ.എം. എബ്രഹാം ഒപ്പിട്ട എല്ലാ സർക്കാർ ഉത്തരവുകളും അസാധുവാക്കപ്പെടാം
2.ഭരണപരമായ കൃത്യവിലോപം:
•ഔദ്യോഗിക അധികാര കൈമാറ്റമോ മന്ത്രിസഭാ അംഗീകാരമോ ഇല്ലാതെ ഉത്തരവുകളിൽ ഒപ്പുവെച്ചെന്ന് സ്ഥാപിക്കപ്പെട്ടാൽ:
•വിരമിച്ചതിനു ശേഷമുള്ള ആനുകൂല്യങ്ങളിൽ അച്ചടക്ക നടപടികൾ
•അനധികൃത ചെലവുകൾക്ക് ധനകാര്യ നിയമങ്ങൾ പ്രകാരം തുക തിരിച്ചുപിടിക്കൽ
•ക്രിമിനൽ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാൽ IPC സെക്ഷൻ 168/169 പ്രകാരം നിയമ നടപടികൾ
3.എല്ലാ തീരുമാനങ്ങളും റദ്ദാക്കൽ:
•“എക്സ്-ഒഫീഷ്യോ സെക്രട്ടറി” എന്ന നിലയിൽ ഒപ്പിട്ട എല്ലാ നിയമനങ്ങളും, ചെലവുകളും, പദ്ധതികളും അസാധുവാക്കപ്പെടാം – ഇതിൽ ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിയമനവും ഉൾപ്പെടും.
ശുപാർശകൾ:
- റിട്ട് അധികാരപരിധിയിൽ നേരിട്ടുള്ള ഉത്തരവാദിത്തം:
•എക്സ്-ഒഫീഷ്യോ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം ഒപ്പിട്ട എല്ലാ സർക്കാർ ഉത്തരവുകളും പ്രത്യേക ഓഡിറ്റിനും ഭരണപരമായ അന്വേഷണത്തിനും വിധേയമാക്കാൻ കോടതി ഉത്തരവിടേണ്ടതുണ്ട് - വിശദീകരണാത്മക സർക്കാർ സത്യവാങ്മൂലം:
- ഇത്തരമൊരു പദവി (എക്സ്-ഒഫീഷ്യോ സെക്രട്ടറി) നിയമപരമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നും, റൂൾ 2(c), റൂൾ 12(3) എന്നിവ പ്രകാരം ഔദ്യോഗികമായി സെക്രട്ടറിയുടെ അധികാരങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും സർക്കാർ സത്യവാങ്മൂലം നൽകേണ്ടതാണ്. ഇങ്ങനെ ഒന്നില്ല എന്നത് സർക്കാറിനെ വെട്ടിലാക്കും.
ഡോ. കെ.എം. എബ്രഹാം നിയമപരമായ അംഗീകാരമില്ലാതെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികാരങ്ങൾ ഏറ്റെടുത്ത് സർക്കാർ ഉത്തരവുകളിൽ ഒപ്പുവെയ്ക്കുന്നതിലൂടെ ഉയർന്ന മൂല്യമുള്ള നിയമനങ്ങളും സാമ്പത്തിക വിതരണങ്ങളും ഉൾപ്പെടെ സ്ഥാപന മേൽനോട്ടമോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തല്‍.
ഇത് സമാന്തര ഭരണ സംവിധാനം സൃഷ്ടിക്കുന്നുവെന്നും പൊതുഫണ്ടുകൾ നിയമപരമായ പരിശോധനയ്ക്ക് പുറത്ത് അനുമതി നൽകുകയും ചെലവഴിക്കുകയും ചെയ്യുന്നതിലൂടെ അഴിമതിക്ക് സാധ്യത വളരെ കൂടുതലാണെന്നും അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും കെ-ഡിസ്ക് പൂർണമായും സർക്കാർ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്. ഇത്തരമൊരു സംവിധാനത്തിൽ അഴിമതിക്കുള്ള സാധ്യത വളരെ വലുതാണ്.
ഡോ. ടി.എം. തോമസ് ഐസക്കിന്റെ കാര്യത്തിൽ കാണുന്നതുപോലെ നിയമനങ്ങളിലെ താൽപ്പര്യ സംഘർഷം മുതൽ, സാധാരണ സർക്കാർ വകുപ്പുകൾക്ക് ബാധകമായ പരിശോധനകൾ ഇല്ലാതെ, സംഭരണം, കൺസൾട്ടൻസി കരാറുകൾ, ഫണ്ട് വിതരണം എന്നിവയിലെ സാധ്യമായ കൃത്രിമങ്ങൾ വരെ. വിരമിച്ച ഉദ്യോഗസ്ഥന്റെ കൈകളിൽ ഔദ്യോഗിക സ്വഭാവമുള്ള പദവികളിൽ മറച്ചുവെച്ച അനധികൃത അധികാര കേന്ദ്രീകരണം സുതാര്യത കടുത്ത രീതിയിൽ തകർക്കുകയും പിന്തുടരാനാകാത്ത ദുർവിനിയോഗത്തിനും പക്ഷപാതിത്വത്തിനും വാതിൽ തുറക്കുകയും ചെയ്യുന്നു.
അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പ്രകാരം, ഡോ. കെ.എം. എബ്രഹാമിന്റെ പ്രവർത്തനം ഗുരുതരമായ നടപടിക്രമപരവും നിയമപരവുമായ അപാകതകൾ കാണിക്കുന്നു. നിയമപരമായ അധികാരമില്ലാതെ ഔദ്യോഗിക അധികാരം ഏറ്റെടുക്കുന്നത് അഴിമതിക്കും ക്രമക്കേടുകൾ നടത്താനുമാണെന്ന ആരോപണം ശക്തമാണ്.