
ചെന്നൈ: തമിഴ്‌നാട്ടിൽ മയോണൈസ് നിരോധിച്ചു. പച്ചമുട്ട ചേർത്ത മയോണൈസാണ് നിരോധിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ഏപ്രിൽ എട്ട് മുതൽ ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് (2006) പ്രകാരം ഒരു വർഷത്തേക്കാണ് നിരോധനം. ഈ കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ സാധിക്കില്ല.
മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ച കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു.
സാൽമണല്ല ബാക്‌ടീരിയിൽ നിന്നുള്ള വിഷബാധയ്‌ക്കാണ് സാധ്യത. ഗുട്‌ക, പാൻമസാല തുടങ്ങിയ ലഹരിവസ്‌തുക്കൾ നിരോധിച്ചതിന് സമാനമായാണ് മയോണൈസും നിരോധിച്ചിരിക്കുന്നത്.