Kerala Government News

ബിജു പ്രഭാകറിന് പെൻഷൻ 2 ലക്ഷം; ഉത്തരവിറങ്ങി

കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ ബിജു പ്രഭാകർ ഏപ്രിൽ 30 ന് വിരമിക്കും. ഇദ്ദേഹത്തിന്റെ പെൻഷൻ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

ബിജു പ്രഭാകറിന്റെ അടിസ്ഥാന പെൻഷൻ 1,09,100 രൂപയാണ്. ഇതിനോടൊപ്പം 55 ശതമാനം ക്ഷാമ ആശ്വാസം, മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ബിജു പ്രഭാകറിന് പ്രതിമാസം പെൻഷനായി ഏകദേശം രണ്ട് ലക്ഷം രൂപയോളം ലഭിക്കും. പെൻഷൻ കമ്മ്യൂട്ടേഷനായി 42.91 ലക്ഷം രൂപയും ഗ്രാറ്റുവിറ്റിയായി 25 ലക്ഷം രൂപയും ബിജു പ്രഭാകറിന് ലഭിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത ഉദ്യോഗസ്ഥ തലത്തിലുള്ളയാളാണ് ബിജു പ്രഭാകർ. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് പുനർനിയമനം ലഭിക്കുമെന്നാണ് സെക്രട്ടറിയേറ്റിലെ സംസാരം. കെ.എസ്.ഇ.ബിയുടെ തലപ്പത്ത് ഇദ്ദേഹത്തിന്റെ സേവനം നീട്ടിക്കൊടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏത് കസേരയാണ് ബിജു പ്രഭാകറിന് കിട്ടുന്നത് എന്ന ആകാംക്ഷയിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ.

Biju Prabhakar IAS Pension

ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ച ബിജു പ്രഭാകറിന് 2004 ൽ ആണ് ഐഎഎസ് കൺഫർ ചെയ്തു കിട്ടുന്നത്. വിരമിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യമായ ടെർമിനൽ സറണ്ടർ ബിജു പ്രഭാകറിന് അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി.