Kerala Government News

സർക്കാർ കരാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി! ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം

തിരുവനന്തപുരം: സർക്കാർ വകുപ്പുകൾ, ഗ്രാൻ്റ്-ഇൻ-എയ്‌ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ദിവസവേതന/കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ വേദനം അഞ്ച് ശതമാനം വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 2025-2026 ബജറ്റ് പ്രസംഗത്തിൽ സംസ്ഥാനത്തെ കരാർ ജീവനക്കാരുടെ വേതനം 5 ശതമാനം വർദ്ധിപ്പിക്കുന്നതാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ശമ്പള വർധനവ് സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്‌ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രസഹായ പദ്ധതികൾ, സംസ്ഥാന പദ്ധതികൾ, ക്ഷേമനിധി ബോർഡുകൾ എന്നിവിടങ്ങളിലെ താല്കാലിക നിയമനങ്ങൾക്ക് ബാധകമാണ്. മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് നടത്തുന്ന നിയമനങ്ങൾക്ക് മാത്രമേ ഈ ഉത്തരവ് പ്രകാരമുള്ള വർദ്ധിച്ച വേതനത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

മെട്രോപൊളിറ്റൻ നഗരമായ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേരള ഹൗസുകളിലെ ദിവസ വേതന ജീവനക്കാർക്ക് ഈ ഉത്തരവ് പ്രകാരമുള്ള ദിവസവേതനത്തിലുപരിയായി 5% വർദ്ധനവിന് അർഹത ഉണ്ടായിരിക്കും.

വിരമിച്ച സർക്കാർ ജീവനക്കാരനെ കരാറടിസ്ഥാനത്തിലോ ദിവസ വേതന അടിസ്ഥാനത്തിലോ നിയമിക്കേണ്ടി വരുന്ന പക്ഷം, വിരമിച്ച ജീവനക്കാരൻ അവസാനം വാങ്ങിയ അടിസ്ഥാനശമ്പളത്തിൽ നിന്നും പെൻഷൻ കുറച്ച തുക, അതാത് കാലത്തുള്ള കരാർവേതനം/ ദിവസവേതനം മാസക്കണക്കിൽ ഇവയിൽ ഏതാണോ കുറഞ്ഞ തുക, ആ വിരമിച്ച സർക്കാർ ജീവനക്കാരന്റെ കരാർ/ദിവസ വേതനമായി നിജപ്പെടുത്തേണ്ടതാണ്. കരാർ അടിസ്ഥാനത്തിലാണ് വിരമിച്ച ജീവനക്കാരനെ നിയമിക്കുന്നതെങ്കിൽ കെ. എസ്. ആർ ഭാഗം 1 ചട്ടം 8 പ്രകാരമുള്ള agreement execute ചെയ്തതിനു ശേഷം മാത്രമേ നിയമനം നൽകാൻ പാടുള്ളു. ഈ ഉത്തരവിന്റെ അനുബന്ധത്തിൽ ഉൾപ്പെടാത്ത തസ്തികയിലേക്കാണ് വിരമിച്ച കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതെങ്കിൽ അംഗീകാരത്തോടെ വേതനം നിശ്ചയിക്കേണ്ടതാണ്. ജീവനക്കാരനെ ധനവകുപ്പിന്റെ

വേതന വർദ്ധനവിന് 01/04/2025 തീയതി മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. മന്ത്രിമാരുടെയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ഓഫീസുകളിലും അതുപോലെ തന്നെ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടതായിട്ടുള്ള മറ്റു ചില ഓഫീസുകളിലും ഡ്രൈവർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവർ ഓഫീസ് മേധാവിയുടെ നിർദ്ദേശാനുസരണം അവധി ദിവസങ്ങൾ ഉൾപ്പെടെ മാസത്തിൽ 27 -ൽ അധികം ദിവസം ഔദ്യോഗിക കൃത്യനിർവഹണം ചെയ്യേണ്ടി വരുന്ന സാഹചര്യം വരികയാണെങ്കിൽ, ഇവർക്ക് അധികം ജോലി ചെയ്ത ദിവസങ്ങളിലെ വേതനത്തിന് മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അർഹതയുണ്ടായിരിക്കുന്നതാണ്.

Kerala Government Order for Contract Staff salary Hike

ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് ഇപ്രകാരമുള്ള അധിക വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നത്. ഇപ്രകാരം നൽകുന്ന അധികവേതനത്തിനുള്ള അർഹത ഓഫീസ് മേധാവി ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യത്തിൽ ഓഫീസ് മേധാവി പൂർണ്ണ ഉത്തരവാദി ആയിരിക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് അവർ ജോലി ചെയ്യുന്ന ദിവസങ്ങളിലെ വേതനത്തിന് മാത്രമാണ് അർഹത ഉള്ളത്. മറ്റ് ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.