
നാലാം വാർഷിക ചെലവ് 500 കോടിയിലേക്ക്! 92.12 കോടി കൂടി അനുവദിച്ച് ഉത്തരവിറങ്ങി!
നേരത്തെ അനുവദിച്ച 100 കോടിക്ക് പുറമേയാണിത്
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന് 92.12 കോടി കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 100 കോടിക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച ഉത്തരവ് പി.ആർ. ഡിയിൽ നിന്ന് ഏപ്രിൽ 19 ന് ഇറങ്ങി. ഫണ്ട് അനുവദിക്കാൻ ധനവകുപ്പ് ഏപ്രിൽ 19 ന് അനുമതി നൽകിയതിനെ തുടർന്ന് അന്ന് തന്നെ തിടുക്കത്തിൽ പി.ആർ.ഡി ഉത്തരവ് ഇറക്കുക ആയിരുന്നു. ഓരോ വകുപ്പിനും ഓരോ ജില്ലയിലും സ്റ്റാളുകൾ സജ്ഞമാക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി പരമാവധി 7 ലക്ഷം രൂപ വീതം ആണ് അനുവദിച്ചിരിക്കുന്നത്.
14 ജില്ലകളിലായി ഒരു വകുപ്പിന് ചെലവഴിക്കാൻ സാധിക്കുന്നത് (14 x 7 ലക്ഷം) 98 ലക്ഷം രൂപയാണ്. 2021 ൽ ധനവകുപ്പ് ഇറക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് 94 വകുപ്പുകൾ ഉണ്ട്. 98 ലക്ഷം വീതം 94 വകുപ്പുകൾ നാലാം വാർഷികത്തിനായി ചെലവഴിക്കുമ്പോൾ (94 x 98 ലക്ഷം) ഖജനാവിൽ നിന്ന് ഒഴുകുന്നത് 92.12 കോടിയാണ്. തുക അതാത് വകുപ്പുകളുടെ ഓഫിസ് ചെലവുകളിൽ നിന്ന് വഹിക്കാനാണ് ഉത്തരവ്. ഓഫിസ് ചെലവുകളുടെ ശീർഷകം (05-4) ഇല്ല എങ്കിൽ മറ്റ് ഇനത്തിൽ (34-3- other items) നിന്ന് ചെലവഴിക്കാമെന്നും ഉത്തരവ് പറയുന്നു.

അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചെലവഴിക്കാവുന്ന തുകയുടെ കണക്ക് കൂട്ടിയാകുമ്പോൾ നാലാം വാർഷിക ചെലവ് 500 കോടി കവിയും. പി. ആർ. ഡി വഴി അനുവദിച്ച 25.91 കോടിയിൽ 15.63 കോടിയും മുഖ്യമന്ത്രിയുടെ ഹോർഡിംഗുകൾ സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥാപിക്കാനാണ്. കടബാധ്യത 6 ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നില്ല എന്നതിൻ്റെ വ്യക്തമായ സൂചനകൾ ആണ് നാലാം വാർഷിക ചെലവുകൾ ഉത്തരവുകളിൽ നിന്ന് വ്യക്തമാകുന്നത്.
ചെലവുകൾ ഇങ്ങനെ:
- 1. ഹോർഡിംഗ്സുകൾ – 15.63 കോടി
- 2. ഹോർഡിംഗുകളുടെ ഡിസൈൻ ചാർജ് – 10 ലക്ഷം
- 3. നിലവിലുള്ള 35 ഹോർഡിംഗുകളുടെ മെയിൻ്റനൻസ് – 58 ലക്ഷം
- 4. എൽ ഇ ഡി ഡിജിറ്റൽ വാൾ -3.30 കോടി
- 5. റയിൽവേ ജിംഗിൾസ്, KSRTC ബസ് പരസ്യങ്ങൾ – 1 കോടി
- 6.14 ജില്ലകളിലെ തീം ഏരിയ – 1.96 കോടി
- 7. ജില്ലാ തല യോഗങ്ങൾ – 42 ലക്ഷം
- 8. കലാ സാംസ്കാരിക പരിപാടികൾ – 2.10 കോടി
- 9. ഭക്ഷണം, താമസം, വാഹന വാടക – 42 ലക്ഷം
- 10. ഉദ്ഘാടന സമാപന ചടങ്ങുകൾ – 30 ലക്ഷം
- 11. ടൂറിസം- 1.65 കോടി
- 12. കിഫ് ബി – 42 കോടി
- 13. സർക്കാർ വകുപ്പുകൾ – 92.12 കോടി