Sports

പടനായകാ നന്ദി! 19 വർഷത്തെ ഐതിഹാസിക യാത്രക്ക് ശേഷം, ബൂട്ടഴിച്ച് സുനിൽ ഛേത്രി

ഇന്ത്യൻ ഫുട്ബോളിന്റെ നെടുംതൂൺ. ഒറ്റയ്ക്ക് പൊരുതി ടീമിനെ നയിച്ചവൻ. സാക്ഷാൽ സുനിൽ ഛേത്രി. രാജാവും പടത്തലവനും രക്ഷകനുമായെല്ലാം നിറഞ്ഞാടിയ 19 വർഷങ്ങൾ.. 19 വർഷങ്ങൾക്ക് ശേഷം അയാളിന്ന് ബൂട്ടഴിക്കുകയാണ്.. പിന്നിട്ട നേട്ടങ്ങളും, മുന്നേറിയ ദൂരവും ചരിത്രത്തിന്റെ പുസ്തകത്തിൽ കുറിച്ചിട്ട ശേഷമൊരു വിടവാങ്ങൽ. രാജ്യത്തിന്റെ യശസ് വാനോളം ഉയർത്തിയ ഇതിഹാസ താരം കളത്തിൽ നിന്നും യാത്രാമൊഴി ചൊല്ലുമ്പോള്‍ ആരാധകര്‍ക്ക് പറയാന്‍ ബാക്കി നന്ദി മാത്രം. നന്ദി പ്രിയ പടനായകാ!

ഇന്ത്യന്‍ ഫുട്‌ബോളിന് ഛേത്രി നല്‍കിയ നേട്ടങ്ങളും സംഭാവനകളും വാക്കുകള്‍ക്കതീതമാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ ആരാധകര്‍ കൈയൊഴിഞ്ഞ കാലത്തും തോറ്റ് കൊടുക്കാന്‍ ഛേത്രി തയ്യാറായിരുന്നില്ല. തനിക്ക് സാധ്യമായത് എല്ലാം നേടിക്കൊടുത്ത് ഛേത്രി പടിയിറങ്ങുമ്പോള്‍ ആരാധക മനസുകളില്‍ ചില സുന്ദര നിമിഷങ്ങൾ ബാക്കി.

2005ല്‍ പാകിസ്താനെതിരേ കളിച്ചായിരുന്നു സുനില്‍ ഛേത്രിയുടെ അരങ്ങേറ്റം.അവിടുന്ന് അങ്ങോട്ട് നീണ്ട യാത്ര. റെക്കോർഡുകൾ വാരികൂട്ടി. ഇന്ത്യക്കായി കൂടുതല്‍ മത്സരം കളിച്ച താരവും കൂടുതല്‍ കാലം ക്യാപ്റ്റനായ താരവുമെല്ലാം ഛേത്രിയാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും സഹതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ഇന്ത്യന്‍ ഫുട്‌ബോളിന്റെ തമ്പുരാനായിത്തന്നെയാണ് ഛേത്രി പടിയിറങ്ങുന്നത്. താരങ്ങളെ മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ ഇടനെഞ്ചിൽ ചേർക്കാനും, കൊണ്ട് നടക്കാനും അയാൾക്ക് സാധിച്ചു.

150 മത്സരങ്ങളില്‍ നിന്നും 94 ഗോളുകൾ. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും, ലയണല്‍ മെസ്സിക്കും പിന്നില്‍ മൂന്നാമനായി ഛേത്രി സ്ഥാനം നേടുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അത് അഭിമാന നിമിഷം 39ാം വയസിലും യുവതാരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് നിലവാരം കാത്ത് സൂക്ഷിക്കാന്‍ ഛേത്രിക്ക് സാധിക്കുന്നുവെന്നത് അത്ഭുതകരമാണ്.

ഇന്ത്യക്കൊപ്പം 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പില്‍ 2011, 2015, 2021, 2023 വര്‍ഷങ്ങളില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ നെടുന്തൂണായി ഛേത്രിയുണ്ടായിരുന്നു. 2007, 2009, 2012 വര്‍ഷങ്ങളില്‍ നെഹ്‌റു കപ്പില്‍ മുത്തമിടാനും ഛേത്രിക്ക് ഭാഗ്യമുണ്ടായി. 2023ലെ ട്രൈ നാഷണല്‍ ചാമ്പ്യന്‍ഷിപ്പും 2018, 2023 വര്‍ഷങ്ങളില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പും ഇന്ത്യയിലെത്തിക്കാൻ ഛേത്രിക്കായി.

ഒരു തവണ ഐഎസ്എല്‍ കിരീടവും രണ്ട് തവണ ഐ ലീഗ് കിരീടവും ഛേത്രി നേടി.
സൂപ്പര്‍ കപ്പ്, ഡുറാണ്ട് കപ്പ് കിരീടത്തിലും മുത്തമിട്ടു. ഇന്ത്യന്‍ ഫുട്‌ബോളിനായുള്ള സംഭാവനകള്‍ പരിഗണിച്ച് രാജ്യം അര്‍ജുന, പത്മശ്രീ, ഖേല്‍ രത്‌ന അവാര്‍ഡുകളെല്ലാം നല്‍കി സുനില്‍ ഛേത്രിയെ ആദരിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ സുനില്‍ ഛേത്രിക്ക് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഒട്ടിമിക്ക ഇതിഹാസങ്ങളും ഗ്യാലറയിലുണ്ടായിരുന്നു. ജയത്തോടെ ഛേത്രിക്ക് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും കുവൈറ്റിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ഛേത്രി വിടപറയുന്നത്..
ഒന്നുറപ്പ്, ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് ഛേത്രിയുടെ പടിയിറക്കം.

Leave a Reply

Your email address will not be published. Required fields are marked *