
ഒരു ടൺ ക്ഷേത്ര സ്വർണ്ണം ഉരുക്കി തമിഴ്‌നാട് സർക്കാർ; പലിശയിനത്തിൽ നേടിയത് 17.81 കോടി രൂപ
ചെന്നൈ: തമിഴ്‌നാട്ടിലെ 21 ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിച്ച 1000 കിലോഗ്രാമിലധികം സ്വർണ്ണ ഉരുപ്പടികൾ ഉരുക്കി 24 കാരറ്റ് സ്വർണ്ണക്കട്ടികളാക്കി ബാങ്കുകളിൽ നിക്ഷേപിച്ചതായി തമിഴ്‌നാട് സർക്കാർ വ്യാഴാഴ്ച അറിയിച്ചു. ഈ സ്വർണ്ണക്കട്ടികളിലെ നിക്ഷേപത്തിലൂടെ പ്രതിവർഷം 17.81 കോടി രൂപ പലിശയിനത്തിൽ ലഭിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഉപയോഗിക്കാതെ കിടന്ന സ്വർണ്ണ ഉരുപ്പടികൾ മുംബൈയിലെ സർക്കാർ മിന്റിൽ വെച്ച് ഉരുക്കിയ ശേഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗോൾഡ് ഇൻവെസ്റ്റ്‌മെന്റ് സ്കീം (സ്വർണ്ണ നിക്ഷേപ പദ്ധതി) പ്രകാരം നിക്ഷേപിച്ചത്.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പുമായി ബന്ധപ്പെട്ട നയക്കുറിപ്പ്, വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബു നിയമസഭയിൽ അവതരിപ്പിച്ചു. “നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ അതത് ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും,” എന്ന് നയക്കുറിപ്പിൽ പറയുന്നു.
അതേസമയം, പദ്ധതിയുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് മേഖലകൾക്കായി വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ മൂന്ന് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ നൽകിക്കൊണ്ട് നയക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “21 ക്ഷേത്രങ്ങളിൽ നിന്നായി ലഭിച്ച 10,74,123.488 ഗ്രാം ശുദ്ധമായ സ്വർണ്ണത്തിന്, നിക്ഷേപ സമയത്തെ സ്വർണ്ണത്തിന്റെ മൂല്യം അനുസരിച്ച് പ്രതിവർഷം 17.81 കോടി രൂപ (1,781.25 ലക്ഷം രൂപ) പലിശയായി ലഭിക്കുന്നു.”
അരുൾമിഗു മാരിയമ്മൻ ക്ഷേത്രം
ഈ ക്ഷേത്രങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ സ്വർണ്ണം ലഭിച്ചത് തിരുച്ചിറപ്പള്ളി ജില്ലയിലെ സമയപുരം അരുൾമിഗു മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണ്. ഏകദേശം 424.26 കിലോഗ്രാം സ്വർണ്ണമാണ് സർക്കാർ ഈ പദ്ധതിക്കായി ഇവിടെ നിന്ന് എടുത്തത്.
എച്ച്.ആർ & സി.ഇ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ ‘ഉപയോഗിക്കാത്തതും ഉപയോഗയോഗ്യമല്ലാത്തതുമായ’ വെള്ളി ഉരുപ്പടികൾ, മൂന്ന് ജഡ്ജിമാർ നേതൃത്വം നൽകുന്ന സോണൽ കമ്മിറ്റികളുടെ സാന്നിധ്യത്തിൽ ക്ഷേത്രവളപ്പിൽ വെച്ച് സർക്കാർ അംഗീകൃത സ്വകാര്യ വെള്ളി ഉരുക്ക് ശാലകൾ വഴി ശുദ്ധമായ വെള്ളിക്കട്ടികളാക്കി മാറ്റുന്നതിനും അനുമതി നൽകിയിട്ടുണ്ട്. “ഇതനുസരിച്ച്, ഉപയോഗശൂന്യമായ വെള്ളി ഉരുപ്പടികൾ ഉരുക്കുന്നതിനുള്ള നടപടികൾ നിലവിൽ സ്വീകരിച്ചുവരികയാണ്,” എന്നും നയക്കുറിപ്പിൽ പറയുന്നു.