
അത് പത തന്നെ! ദിവ്യയുടെ KKR സ്തുതിയിൽ കെ. മുരളീധരനാണ് ശരി; വസ്തുത ഇങ്ങനെ
അത് പത അല്ല താൻ നടക്കുന്ന ജീവിത പാതയാണെന്ന് ദിവ്യ എസ് അയ്യർ. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്ന് കെ.കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യരെ കെ.മുരളീധരൻ വിമർശിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയായിട്ടാണ് ഇൻസ്റ്റഗ്രാം പോസ്റ്റുമായി ദിവ്യ രംഗത്തെത്തിയത്. എൻ്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടുപോകുമ്പോൾ അവരുമായി ചേർന്നു പ്രവർത്തിക്കാൻ അഭിമാനം തോന്നി എന്ന് എനിക്ക് ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എൻ്റെ ഒരു പതിവാണ്. അത് പത അല്ല ഞാൻ നടക്കുന്ന ജീവിത പാതയാണെന്ന് ദിവ്യ കുറിച്ചു.
ദിവ്യ വളരെ ജൂനിയറായ ഒരു ഓഫീസറാണ്. അതാത് വകുപ്പിന്റെ സെക്രട്ടറി വഴിയാണ് അവർ മന്ത്രിമാർക്ക് റിപ്പോർട്ട് ചെയ്യുന്നത്. മാലിന്യ സംസ്കരണം, സംസ്കാരം, വിഴിഞ്ഞം തുറമുഖം എന്നിവയുടെ ചുമതലകളാണ് അവർ വഹിക്കുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളല്ല ഒന്നും.
വകുപ്പ് സെക്രട്ടറിയെ വെട്ടി, വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള കെ.കെ. രാഗേഷിനെ കാണാനോ സി.എം. ഓഫീസിൽ ഇടപെടാനോ അവർക്ക് ഒരു കാരണവുമില്ല. അതിന് വകുപ്പ് മന്ത്രിയും സെക്രട്ടറിയുമുണ്ട്. ദിവ്യയുടെ ഓഫീസ് പോലും സെക്രട്ടേറിയറ്റിലല്ല. അവർ അവിടെ വരാറുമില്ല. പോരെങ്കിൽ സി.എം. ഓഫീസിൽ പ്രോജക്ടുകൾ നോക്കുന്നത് മേജർ ദിനേശ് ഭാസ്‌കറാണ്. ഇതാണ് വസ്തുതയും വാസ്തവവും. ദിവ്യ എസ് അയ്യരുടെ രാഗേഷ് സ്തുതി കെ. മുരളീധരൻ പറഞ്ഞതു പോലെ പതയെന്ന് വ്യക്തം.