News

Fastag: ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് ആരംഭിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: കേന്ദ്രം

ന്യൂഡൽഹി: 2025 മെയ് 1 മുതൽ ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് സംവിധാനം (Satellite-based Tolling System) ആരംഭിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ്.

നിലവിലുള്ള ഫാസ്ടാഗ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനത്തിന് പകരമായി 2025 മെയ് 1 മുതൽ ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് സംവിധാനം (Satellite-based Tolling System) ആരംഭിക്കുമെന്നായിരുന്നു വാർത്തകള്‍. എന്നാൽ, 2025 മെയ് 1 മുതൽ രാജ്യവ്യാപകമായി ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമോ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ (NHAI) അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾക്ക് തടസ്സങ്ങളില്ലാതെ കടന്നുപോകാനും യാത്രാ സമയം കുറയ്ക്കാനും സഹായിക്കുന്നതിനായി, തിരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ ‘എഎൻപിആർ-ഫാസ്ടാഗ് അധിഷ്ഠിത തടസ്സരഹിത ടോൾ പിരിവ് സംവിധാനം’ (ANPR-FASTag-based Barrier-Less Tolling System) നടപ്പിലാക്കും.

ഈ നൂതന ടോളിംഗ് സംവിധാനം, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വായിച്ച് തിരിച്ചറിയുന്ന ‘ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ’ (ANPR) സാങ്കേതികവിദ്യയും, ടോൾ ഈടാക്കുന്നതിനായി നിലവിലുള്ള റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ഉപയോഗിക്കുന്ന ‘ഫാസ്ടാഗ് സംവിധാന’വും സംയോജിപ്പിക്കും. ഇതുപ്രകാരം, ഉയർന്ന പ്രകടനശേഷിയുള്ള എഎൻപിആർ ക്യാമറകളും ഫാസ്ടാഗ് റീഡറുകളും ഉപയോഗിച്ച് വാഹനങ്ങളെ തിരിച്ചറിഞ്ഞ്, ടോൾ പ്ലാസകളിൽ നിർത്താതെ തന്നെ ടോൾ ഈടാക്കും. നിയമലംഘനം നടത്തുന്നവർക്ക് ഇ-നോട്ടീസുകൾ നൽകും. ഇത് അടയ്ക്കാത്ത പക്ഷം ഫാസ്ടാഗ് സസ്പെൻഡ് ചെയ്യുന്നതിനും മറ്റ് വാഹന സംബന്ധമായ പിഴകൾക്കും ഇടയാക്കും.

തിരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ സ്ഥാപിക്കുന്ന ‘എഎൻപിആർ-ഫാസ്ടാഗ് അധിഷ്ഠിത തടസ്സരഹിത ടോൾ പിരിവ് സംവിധാനം’ നടപ്പിലാക്കുന്നതിനായി എൻഎച്ച്എഐ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഈ സംവിധാനത്തിന്റെ പ്രകടനം, കാര്യക്ഷമത, ഉപയോക്തൃ പ്രതികരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത് രാജ്യത്തുടനീളം നടപ്പാക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.