
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2 ന്
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് രണ്ടിന്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജൂലൈയിൽ പരീക്ഷണാടിസ്ഥാനത്തിലും 2024 ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിലും പ്രവർത്തനം ആരംഭിച്ച ആഴക്കടൽ തുറമുഖത്ത് ഇതിനകം 250 കണ്ടെയ്നർ കപ്പലുകൾ എത്തുകയും 5 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏകദേശം 8,867 കോടി രൂപ ചെലവിൽ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് പദ്ധതി വികസിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീട്ടിവെക്കുകയായിരുന്നു. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും 2028 ഓടെ ഇത് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ റോഡ് മാർഗം നീങ്ങിത്തുടങ്ങുമ്പോൾ മാത്രമേ തുറമുഖ പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയുള്ളൂവെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചിരുന്നു.